ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റീജിയണല്‍ അനലിറ്റിക്കല്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചു

റീജിയണല്‍ അനലിറ്റിക്കല്‍ലാബിനെ റീജിയണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി  ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. കൂത്തുപറമ്പ് ഇലിപ്പറ്റച്ചിറയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കീഴില്‍ആരംഭിച്ച റീജിയണല്‍ അനലിറ്റിക്കല്‍ ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അനലിറ്റിക്കല്‍ ലാബിനെ റിസര്‍ച്ച് സെന്റര്‍ ആക്കാനുള്ള പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും  വലിയവെളിച്ചത്ത് നിര്‍മ്മാണം ആരംഭിച്ച ലാബിന്റെ പണി പൂര്‍ത്തിയായാലുടന്‍ റിസര്‍ച്ച് സെന്റര്‍ ആക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 
ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ കീഴിലുള്ള സംസ്ഥാനത്തെ നാലാമത്തെ റീജിയണല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയാണ് ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കോഴിക്കോട്, എറണാകുളം, 
തിരുവനന്തപുരം എന്നീ ജില്ലകളിലായിരുന്നു നേരത്തെ ലാബ് ഉണ്ടായിരുന്നത്.
കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ ജനങ്ങള്‍ക്ക് കുടിവെള്ളം, പാല്‍, എണ്ണ തുടങ്ങിയവയുടെ പരിശോധന ഇതോടെ എളുപ്പമാവും. 
ചടങ്ങില്‍ കൂത്തുപറമ്പ് നഗരസഭ ചെയര്‍മാന്‍ എം സുകുമാരന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ മറിയം ബീവി, സ്ഥിരം സമിതി അംഗം വി രാമകൃഷ്ണന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍എ ബിജുമോന്‍, നഗരസഭാ സെക്രട്ടറി 
കെ കെ സജിത് കുമാര്‍, ഗവണ്‍മെന്റ് ചീഫ് അനലിസ്റ്റ് എസ് ടി തങ്കച്ചന്‍, ഗവണ്‍മെന്റ് അനലിസ്റ്റ് പി അബ്ദുള്‍ മുനീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: