കണ്ണൂരുകാരുടെ സ്നേഹത്തിന് മുന്നിൽ വഴങ്ങി മാധവേട്ടൻ. ഇനിയും കണ്ണൂർ നിരത്തുകളിൽ മാധവേട്ടന്റെ ചടുലതാളം കാണാം. തീരുമാനം പുന:പരിശോധിച്ച് മാധവേട്ടന് വീണ്ടും റോഡിലേക്ക്
കണ്ണൂര്‍: ട്രാഫിക് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാകാനുള്ള തീരുമാനം ഒടുവില്‍ ഹോംഗാര്‍ഡ് മാധവന് മാറ്റി. കഴിഞ്ഞദിവസം ട്രാഫിക് എസ്.ഐ. തന്നെ അദ്ദേഹത്തെ വിളിച്ചു ജോലിയില്‍ തുടരണമെന്ന് പറഞ്ഞു. എവിടെ ജോലിയെടുക്കണമെന്ന് അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചില വിഷമങ്ങള്‍ ഉണ്ടായതിനാല്‍ ജോലി വിടാന്‍ തീരുമാനിച്ചതാണ്. അതുകൊണ്ടുതന്നെ ഒന്നു രണ്ടു ദിവസമായി ജോലിക്ക് പോകാറില്ല. ട്രാഫിക് പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് ചൊവ്വാഴ്ച മുതല്‍ ജോലിക്ക് പോകുമെന്ന് മാധവന് പറഞ്ഞു. അതേസമയം, ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന കാര്യം മാധവന് തങ്ങളെ അറിയിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. കണ്ണൂരിലെ ഹോംഗാര്‍ഡായ റിട്ട. ഹോണററി ക്യാപ്റ്റന്‍ ടി.വി.മാധവന് കഴിഞ്ഞ ദിവസമാണ് ജോലി മടുത്തെന്നും ഒഴിവാകുകയാണെന്നും പറഞ്ഞത്. തന്റെ മികച്ച സേവനത്തിന് നാല്പതിലധികം പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയ മാധവന് ചിലരുടെ മോശം പെരുമാറ്റത്തില്‍ ജോലിയില്‍നിന്ന് വിരമിക്കുന്നതായി വാര്‍ത്ത വന്നതോടെ സമൂഹമാധ്യമങ്ങളിലും മറ്റും വലിയ ചര്‍ച്ചയായി. പല ഭാഗത്തുനിന്നും പ്രതിഷേധവും ഉയര്‍ന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി ട്രാഫിക് ജോലി ചെയ്യുന്ന മാധവന് മേലെചൊവ്വയിലാണ് സ്ഥിരമായി ഡ്യൂട്ടി നോക്കിയിരുന്നത്. മാസങ്ങള്‍ക്കുമുന്‍പ് ഡ്യൂട്ടിക്കിടെ നിയമം തെറ്റിവന്ന ഒരു കാര്‍ തടഞ്ഞ അദ്ദേഹത്തെ കാറിലിരിക്കുന്ന ആള് ചീത്തവിളിച്ചുവെന്നും പിന്നെ കാണിച്ചുതരാമെന്ന് പറയുകയും ചെയ്തതായി മാധവന് പറയുന്നു. സംഭവം ഉടന്‍ തന്നെ അദ്ദേഹം സി.ഐ.യോട് വിളിച്ചുപറഞ്ഞു. കാര്യാത്രക്കാരനും പോലീസില്‍ പരാതി നല്കി. ഇതേത്തുടര്‍ന്ന് മാധവനെ മേലെചൊവ്വയില്‍ നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ഡ്യൂട്ടിക്കിടെ തന്നോട് ഒരാള്‍ മോശമായി പെരുമാറിയതിന് തന്നെ ഡ്യൂട്ടി മാറ്റിയതില്‍ അദ്ദേഹത്തിന് വിഷമമുണ്ടായിരുന്നു. മറ്റു സ്ഥലങ്ങളില്‍ കുറച്ചുദിവസം ജോലി ചെയ്തെങ്കിലും അദ്ദേഹം പിന്നീട് ജോലി മടുത്ത് ഒഴിവാകാന്‍ തീരുമാനിക്കുകയായിരുന്നു. ജില്ലയിലെ പോലീസിന്റെ ഉന്നതവിഭാഗവും സംഭവത്തെ കുറിച്ച് അന്വേഷിച്ചു. ഇതേത്തുടര്‍ന്നാണ് എസ്.ഐ. ജോലിയില്‍ തിരിച്ചുവരണമെന്ന് മാധവനോട് ആവശ്യപ്പെട്ടത്. ജോലിയില്‍ തിരിച്ചുവരുന്ന മാധവന് ചൊവ്വാഴ്ച അന്നപൂര്‍ണാ ചാരിറ്റബിള്‍ ട്രസ്റ്റും ചേംബറും സംയുക്തമായി ചേര്‍ന്ന് സ്വീകരണം നല്‍കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു