പയ്യന്നൂർ താലൂക്കാശുപത്രി:
ഏഴ് നിലകളിൽ അത്യാധുനിക സൗകര്യങ്ങൾ

ഏഴ് നിലകളിൽ 79452 ചതുരശ്ര അടിയിൽ തല ഉയർത്തി നിൽക്കുകയാണ് മുഖ്യമന്ത്രി ഞായറാഴ്ച ഉദ്ഘാടനം ചെയ്ത പയ്യന്നൂർ താലൂക്കാശുപത്രി കെട്ടിടം. ഒരേക്കർ 96 സെന്റ് സ്ഥലത്ത് സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 104 കോടി രൂപ മാസ്റ്റർ പ്ലാനിൽ ആണ് ആശുപത്രിക്കായി കെട്ടിടം നിർമിച്ചത്. അത്യാഹിത വിഭാഗം, പരിശോധന സംവിധാനങ്ങൾ, പ്രത്യേക ചികിത്സ വാർഡുകൾ, വിവിധ ഐ സി യൂ അടക്കമുള്ള ആധുനിക സൗകര്യങ്ങൾ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
2009 ഫെബ്രുവരിയിലാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. 56 കോടി രൂപ കെട്ടിട നിർമാണത്തിനായും 22 കോടി രൂപ ഉപകരണങ്ങൾക്കായും ശേഷിക്കുന്ന തുക മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്കായും നീക്കിവെച്ചു.
താഴത്തെ നിലയിൽ അത്യാഹിത വിഭാഗം, ഇ സി ജി ,ജീവിതശൈലി രോഗ നിയന്ത്രണ വിഭാഗങ്ങൾ, ഡിജിറ്റൽ എക്സ് റേ, സി ടി സ്കാൻ എന്നിവ പ്രവർത്തിക്കും. ഒന്നാം നിലയിൽ കുട്ടികളുടെ വാർഡ്, കുട്ടികളുടെ ഐ സി യു , രണ്ടാം നിലയിൽ സ്ത്രീകളുടെ വാർഡ്, മെഡിക്കൽ ഐ സി യു , മൂന്നാം നിലയിൽ പ്രസവമുറി, ഗൈനക് ഓപ്പറേഷൻ തിയറ്റർ, പ്രസവാനന്തര ശസ്ത്രക്രിയ വാർഡ്, എന്നിവയും സജ്ജീകരിച്ചു. നാലാം നിലയിൽ പുരുഷന്മാരുടെ വാർഡ്, പുനരധിവാസ കേന്ദ്രം, സെമിനാർ ഹാൾ എന്നിവയാണുള്ളത്. അഞ്ചാം നിലയിൽ പുരുഷന്മാരുടെ സർജിക്കൽ വാർഡ്, സ്ത്രീകളുടെ സർജിക്കൽ വാർഡ്, സർജിക്കൽ ഐ സി യു എന്നീ സൗകര്യങ്ങളും, ആറാം നിലയിൽ ഓപ്പറേഷൻ തിയ്യറ്റർ, ശസ്ത്രക്രിയനാന്തര വാർഡ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ഏഴാം നിലയിൽ ലബോറട്ടറി പരിശോധന സൗകര്യവും സെൻട്രൽ സ്റ്ററൈൽ ഡിപ്പാർട്മെന്റും സജ്ജീകരിച്ചിട്ടുണ്ട്. കെഎസ്ഇബി യുടെ സഹകരണത്തോടെ ഓട്ടോമേറ്റഡ് ആർഎംയു റിംഗ് മെയിൻ യൂണിറ്റ് സംവിധാനം ഉപയോഗപ്പെടുത്തി വൈദ്യുതി വിതരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനായി പയ്യന്നൂർ പെരുമ്പ സബ് സ്റ്റേഷനിൽ നിന്ന് നേരിട്ട് ഭൂഗർഭ കേബിൾ വഴി വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പൂർത്തിയായി. 168000 ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ള സംഭരണി, അത്യാധുനിക രീതിയിലുള്ള മാലിന്യ നിർമാർജ്ജന പ്ലാന്റ് എന്നിവയും സജ്ജമായി.
ആശുപത്രിയിൽ നിലവിൽ എട്ട് വിഭാഗങ്ങളിലായി 22 ഡോക്‌ടർമാരും 150 ഇതര ജീവനക്കാരുമുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രിക്കുള്ള 2019 കായകൽപ്പ പുരസ്‌കാരം ഉൾപ്പെടെ ഒട്ടേറെ നേട്ടങ്ങളും താലൂക്കാശുപത്രിക്ക് ലഭിച്ചു. 1919ൽ ബ്രിട്ടീഷ് ഭരണകാലത്ത് റൂറൽ ഡിസ്‌പൻസറിയായി പ്രവർത്തനം തുടങ്ങിയ ആതുരാലയമാണിത്. 1965ൽ സർക്കാർ ആശുപത്രിയായി മാറി. 2009ലാണ് താലൂക്ക് ആശുപത്രിയായി ഉയർത്തപ്പെട്ടത്.
