ആരോപണങ്ങളെ ഭയന്ന് ലൈഫ് പദ്ധതി ഉപേക്ഷിക്കില്ല: മുഖ്യമന്ത്രി കണ്ണൂർ ജില്ലയിലെ നാല് ഭവന സമുച്ചയങ്ങള്‍ക്ക് തറക്കല്ലിട്ടു

2 / 100


ആരോപണങ്ങളെ ഭയന്ന് ലൈഫ് പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭവന നിര്‍മ്മാണത്തില്‍ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും മികവുറ്റ പ്രവര്‍ത്തനമാണ് ലൈഫ് പദ്ധതിയെന്നും ഈ നേട്ടങ്ങള്‍ ഇഷ്ടപ്പെടാത്തവരാണ് പദ്ധതിയെ അപഹസിക്കുന്നതെന്നും  മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ നാല് ലൈഫ് ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യഥാര്‍ഥ കണക്കുകള്‍ മറച്ചുവെച്ചാണ് നുണ പ്രചാരണങ്ങളുമായി ചിലര്‍ രംഗത്തു വരുന്നത്. ലൈഫിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ്.  ഒരു വര്‍ഷം കൊണ്ടുതന്നെ ഫ്ളാറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകാതെ മണ്ണടിഞ്ഞ  അനേകം ഹതഭാഗ്യരുണ്ട് നമ്മുടെ നാട്ടില്‍. വീടില്ലാത്തവരായി ആരും തന്നെ സംസ്ഥാനത്തുണ്ടാവരുത്. ഒരു കെട്ടിടം എന്നതിലുപരി  അതിലെ താമസക്കാര്‍ക്ക് പുതുജീവന്‍ തന്നെ നല്‍കുകയാണ് സര്‍ക്കാരിന്റെ  ലക്ഷ്യം. ലൈഫ് പദ്ധതിയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്.ലൈഫ് പദ്ധതിയിലൂടെ 2,26,518 കുടുംബങ്ങളാണ് പുതിയ വീടുകളിലേക്ക് ഇതിനകം താമസം മാറ്റിയത്.  ഒന്നര ലക്ഷം പേരുടെ വീടു പണി പുരോഗമിക്കുകയാണ്. ലൈഫ് അതിന്റെ ലക്ഷ്യത്തിലേക്കടുക്കുകയാണെന്നും കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ലക്ഷ്യമിട്ട എല്ലാ വികസന പദ്ധതികളും  തടസ്സമില്ലാതെ നടത്താന്‍ സര്‍ക്കാരിനു  കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പയ്യന്നൂര്‍, ആന്തൂര്‍ നഗരസഭകളിലും ചിറക്കല്‍, കണ്ണപുരം ഗ്രാമപഞ്ചായത്തുകളിലുമാണ് പ്രീഫാബ് സാങ്കേതിക വിദ്യയില്‍ ഫ്്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നത്. ആന്തൂര്‍ ,പയ്യന്നൂര്‍ നഗരസഭകളില്‍ 44 വീടുകളും ചിറക്കല്‍ പഞ്ചായത്തില്‍ 36 വീടുകളും കണ്ണപുരത്ത് 32 വീടുകളും അടങ്ങിയ ഭവന സമുച്ചയങ്ങളാണ് നിര്‍മ്മിക്കുന്നത്. ആന്തൂരില്‍ 200 സെന്റ് സ്ഥലത്ത് 6.03 കോടി രൂപ ചെലവിലും പയ്യന്നൂരില്‍ 80 സെന്റ് സ്ഥലത്ത്  6.07 കോടി രൂപ ചെലവിലും ചിറക്കലില്‍ 45 സെന്റ് സ്ഥലത്ത് 5.12 കോടി രൂപ ചെലവിലും കണ്ണപുരത്ത് 70 സെന്റ് സ്ഥലത്ത് 4.83 കോടി രൂപ ചെലവിലുമാണ് ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നത്.നാല് നിലകളിലാ നിര്‍മ്മിക്കുന്ന ഫ്‌ളാറ്റുകളില്‍ വിനോദത്തിനും വിശ്രമത്തിനുമുള്ള സൗകര്യങ്ങള്‍, വയോജനങ്ങള്‍ക്ക് പ്രത്യേകം സൗകര്യം, ചികിത്സാ സൗകര്യം തുടങ്ങിയവ ഒരുക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി  മൊയ്തീന്‍ അധ്യക്ഷനായി. മന്ത്രിമാരായ കെ കെ ശൈലജ ടീച്ചര്‍, ടി പി രാമകൃഷ്ണന്‍,  കടന്നപ്പള്ളി രാമചന്ദ്രന്‍ ,സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ശാരദ മുരളീധരന്‍ , തുടങ്ങിയവര്‍ പങ്കെടുത്തു.  ചിറക്കല്‍ ഗ്രാമപഞ്ചായത്തിലെ കാട്ടാമ്പള്ളിയില്‍ നടന്ന പരിപാടിയില്‍ തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു.കോറോം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സി കൃഷ്ണന്‍ എം എല്‍ എ യും കണ്ണപുരം ചുണ്ട ബഡ്‌സ് സ്‌കൂളില്‍ ടിവി രാജേഷ് എംഎല്‍എ യും ശിലാഫലകം അനാച്ഛാദനം ചെയ്തു.
ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, വൈസ് പ്രസിഡണ്ട് പിപി ദിവ്യ, ജില്ലാ പഞ്ചായത്തംഗങ്ങളായ അജിത് മാട്ടൂല്‍, കെ ഗൗരി,പിപി ഷാജര്‍,  കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  കുടുവന്‍ പത്മനാഭന്‍, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  വി വി പ്രീത ,പയ്യന്നൂര്‍ നഗരസഭാധ്യക്ഷന്‍ അഡ്വ ശശി വട്ടക്കൊവ്വല്‍, ആന്തൂര്‍ നഗരസഭാധ്യക്ഷ പികെ ശ്യാമള ടീച്ചര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ  കെ വി രാമകൃഷ്ണന്‍(കണ്ണപുരം), എ സോമന്‍(ചിറക്കല്‍ ) , ലൈഫ് ജില്ലാമിഷന്‍ കോ ഓഡിനേറ്റര്‍ കെ എന്‍ അനില്‍, മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളിലെ പരിപാടികളില്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: