ലക്കും ലഗാനുമില്ലാതെ മറുനാടൻ ചരക്കുവണ്ടികൾ; വേണ്ടത് കൃത്യമായ പരിശോധനാ സംവിധാനം.

കണ്ണൂർ: ലക്കും ലഗാനുമില്ലാതെ കൂറ്റൻ കണ്ടെയ്നറുകളുടെയും ടാങ്കർ ലോറികളുടെയും മത്സരപ്പാച്ചിൽ. അയൽസംസ്ഥാനങ്ങളിൽനിന്ന് ചെറുവാഹനങ്ങളും മറ്റ് ചരക്കുകളും കയറ്റിവരുന്ന വണ്ടികളാണ് പലപ്പോഴും റോഡിലെ ‘വില്ലൻ’മാരാകുന്നത്. ഇത്തരം വണ്ടികളുടെ കാര്യക്ഷമതയുൾപ്പെടെ പരിശോധിക്കാൻ നിലവിലുള്ള സംവിധാനങ്ങൾ പര്യാപ്തമല്ല.
കഴിഞ്ഞ ദിവസം കണ്ണൂർ-തലശ്ശേരി റൂട്ടിൽ ചാലക്കുന്നിൽ ടാങ്കർലോറികളുൾപ്പെടെ മൂന്ന് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഒരാഴ്ച മുൻപേ ലോറി ഡിവൈഡറിൽ കയറിയും അപകടമുണ്ടായിരുന്നു. സംഭവത്തിൽ ആർക്കും സാരമായ പരിക്കുപറ്റിയില്ലെങ്കിലും അപകടങ്ങളെത്തുടർന്ന് ഗതാഗതസ്തംഭനം നീണ്ടത് മണിക്കൂറുകളാണ്.
ചാല ദുരന്തത്തെത്തുടർന്ന് ടാങ്കർ ലോറികളിൽ രണ്ട് ഡ്രൈവർമാർ വേണമെന്ന് നിർദേശമുണ്ടായെങ്കിലും ഇത് കുറച്ചുനാൾ മാത്രമാണ് പാലിക്കപ്പെട്ടത്. തുടർന്ന് കാര്യങ്ങൾ പഴയ മട്ടായി. ദീർഘദൂരയാത്രയെത്തുടർന്ന് ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നത്. മൊബൈൽ ഫോണിൽ സംസാരിച്ചും നിരോധിത ലഹരിവസ്തുക്കൾ ചവച്ചും പുകവലിച്ചും വാഹനമോടിക്കുന്നതും പതിവാണ്. അലങ്കാരപ്പണികളാൽ അലംകൃതമാണ് മിക്ക വണ്ടികളും. നമ്പർ പ്ലേറ്റ് കാണാത്ത രീതിയിൽപ്പോലും അലങ്കാരപ്പണികൾ കാണാം. ഇതുകാരണം അപകടത്തിനിടയാക്കുന്ന വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ തിരിച്ചറിയാനും വിഷമമാണ്. മുൻവശത്തെ ഗ്ലാസുകളിൽപോലും കാണാം ഇത്തരം ചിത്രവേലകൾ. അനാവശ്യവും അരോചകവുമായ പദപ്രയോഗങ്ങൾ വാഹനങ്ങളിൽ രേഖപ്പെടുത്തത് കുറ്റകരമാണെങ്കിലും ഇതും പാലിക്കപ്പെടാറില്ല.
മറ്റു വാഹനങ്ങൾക്ക് തടസ്സമായാണ് പലപ്പോഴും ഇത്തരം വണ്ടികൾ നിർത്തിയിടുന്നത്. നടാൽ ബൈപ്പാസിൽ നിരനിരയായി അപകടകരമാംവിധം നിർത്തിയിട്ട വണ്ടികൾ പതിവുകാഴ്ചയാണ്.ബൈപ്പാസിന് പുറമെ നഗരപരിസരത്തായി താണ, കാൽടെക്സ്, നടാൽ റെയിൽവേ ഗേറ്റ് പരിസരം, താഴെ ചൊവ്വ, കിഴുത്തള്ളി, താവക്കര ഐ.ജി. ഓഫീസ് പരിസരം എന്നിവിടങ്ങളിലാണ് ലോറികൾ പ്രധാനമായും നിർത്തിയിടുന്നത്. വാഹനം നിർത്തിയിട്ടുണ്ടെന്ന് സൂചന നൽകുന്ന പാർക്ക് ലൈറ്റുകൾ പോലും പലപ്പോഴും ഉപയോഗിക്കാറുമില്ല. കാൽടെക്സിൽ രാത്രികാലങ്ങളിൽ മാത്രമാണ് നിർത്തിയിടുന്നതെങ്കിൽ നടാൽ ഗേറ്റ് പരിസരത്ത് രാപകൽഭേദമില്ലാതെയാണിത്. നടാൽ ഗേറ്റിനടുത്ത് നടന്ന നിരവധി അപകടങ്ങൾക്ക് ഇത്തരത്തിൽ അലക്ഷ്യമായി ലോറികൾ നിർത്തിയിടുന്നത് കാരണമാകുന്നുണ്ട്. ജില്ലയിൽ വളപട്ടണം പാലം പരിസരം, തലശ്ശേരി കോടതി പരിസരം, പൂഴിത്തല, കൂത്തുപറമ്പ് നിർമലഗിരി കോളേജ് രിസരം എന്നിവിടങ്ങളും ലോറികളുടെ സ്ഥിരം ‘വിശ്രമകേന്ദ്ര’ങ്ങളാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: