മണല്‍ ബുക്കിംഗ്; അക്ഷയകേന്ദ്രങ്ങള്‍ നോക്കുകുത്തികള്‍

കണ്ണൂര്‍: വീട് നിര്‍മ്മാണത്തിന് മണല്‍ ബുക്ക് ചെയ്യാനെത്തുന്നവരുടെ തിക്കും തിരക്കുമാണ് അക്ഷയ കേന്ദ്രങ്ങളില്‍. ആഗസ്ത് മൂന്നാം തീയ്യതിയാണ് അഴീക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ കടവുകളിലെ മണല്‍ വിതരണം അഴീക്കല്‍ തുറമുഖവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലായത്. അക്ഷയകേന്ദ്രങ്ങള്‍ വഴിയാണ് ബുക്കിംഗ്. ബുക്കിംഗ് സൗകര്യം മൂന്ന് ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ. പിന്നീട് എല്ലാം തകിടം മറിഞ്ഞു.
അഴീക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ മൂന്ന് കടവുകളില്‍ മണല്‍ വന്‍ കൂമ്പാരമായി കിടക്കുമ്പോഴും അഴീക്കല്‍ പോര്‍ട്ടിന്റെ സൈറ്റില്‍ മണല്‍ ലഭ്യമല്ല എന്നാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ അക്ഷയകേന്ദ്രങ്ങളിലെത്തുന്ന ആര്‍ക്കും തന്നെ മണല്‍ ബുക്ക് ചെയ്യാനും കഴിയുന്നില്ല.
ഇതേസമയം കരിഞ്ചന്തയില്‍ വില്‍പന നടത്തുന്ന ലോറിക്കാര്‍ക്ക് മണല്‍ ബുക്ക് ചെയ്യാനും കൊള്ളലാഭത്തില്‍ വില്‍പന നടത്താനും കഴിയുന്നതെങ്ങനെയെന്നാണ് അക്ഷയകേന്ദ്രങ്ങളില്‍ മണല്‍ ബുക്ക് ചെയ്യാനെത്തുന്നവരുടെ ചോദ്യം. അവര്‍ക്ക് മാത്രമായി മറ്റാര്‍ക്കും അറിയാത്ത സമയങ്ങളില്‍ മൊബൈല്‍ ഫോണിലൂടെ ബുക്ക് ചെയ്യാനുള്ള സൗകര്യം പോര്‍ട്ട് അധികൃതര്‍ ചെയ്തുകൊടുക്കുന്നതായി ജനങ്ങള്‍ സംശയിക്കുന്നു.
കഴിഞ്ഞ 20ന് പുതിയ സോഫ്റ്റ് വെയര്‍ സംവിധാനമാകുന്നതോടെ മണല്‍ എല്ലാവര്‍ക്കും ലഭ്യമാകുമെന്ന് പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 20 ാം തീയ്യതിയാകട്ടെ അക്ഷയ കേന്ദ്രങ്ങളിലെത്തിയ ആര്‍ക്കും തന്നെ മണല്‍ ബുക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ തലേദിവസം 19ന് 180 ടണ്ണിലധികം മണല്‍ അഴീക്കോട് കടവുകളില്‍ നിന്നും പുറത്തുപോയിട്ടുണ്ടെന്നും കമ്പ്യൂട്ടറുകള്‍ കാണിക്കുന്നു.
മണല്‍ വിതരണം കുറ്റമറ്റ രീതിയിലാവാന്‍ ജില്ലാ കലക്ടര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. അക്ഷയ കേന്ദ്രങ്ങള്‍ വഴി ബുക്കിംഗ് നടക്കാത്ത സാഹചര്യത്തില്‍ കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് പരിശോധിച്ച് മണല്‍ ബുക്കിംഗ് ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ വഴിയാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: