അപകട സമയത്ത് ബാലഭാസ്‌കറിന്റെ കാറോടിച്ചത് അര്‍ജുന്‍തന്നെ,​ ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

വയലിനിസ്റ്റ് ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുന്ന സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രെെവര്‍ അര്‍ജുനാണെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ഫോറന്‍സിക് പരിശോധനാഫലം ക്രൈം ബ്രാഞ്ചിന് ലഭിച്ചു. അര്‍ജുനെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യ ചുമത്തും. സ്റ്റിയറിംഗിലെയും സീറ്റ് ബെല്‍റ്റിലെയും വിരലടയാളവും സീറ്റിലുണ്ടായിരുന്ന മുടിയിഴകള്‍,​ രക്തം തുടങ്ങിയവ ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചിരുന്നു. ഇതുസംബന്ധിച്ച്‌ അര്‍ജുന്‍ വാഹനമോടിച്ചത് കണ്ടവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. അപകട സമയത്ത് കാര്‍ 120 കിലോ മീറ്റര്‍ വേഗതയിലാകാമെന്നാണ് പരിശോധനാഫലം. നിലവില്‍ അപകടത്തില്‍ ദുരൂഹത സംശയിക്കുന്നില്ലെന്നും ക്രെെംബ്രാഞ്ച് വ്യക്തമാക്കി.
അതേസമയം,​ അപകടത്തില്‍പെടുന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ ആയിരുന്നുവെന്ന ഡ്രെെവര്‍ അ‌ര്‍ജുന്റെ മൊഴി ഭാര്യ ലക്ഷ്‌മി നേരത്തെ നിഷേധിച്ചിരുന്നു. അപകടസമയത്ത് താനും കുട്ടിയും വാഹനത്തിന്റെ മുന്‍സീറ്റില്‍ ആയിരുന്നുവെന്നും ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നുവെന്നും ലക്ഷ്‌മി മൊഴി നല്‍കിയിരുന്നു. അപകടസമയത്ത് ബാലഭാസ്‌കര്‍ ആണ് വാഹനം ഓടിച്ചതെന്നായിരുന്നു നേരത്തെ അര്‍ജുന്‍ നല്‍കിയ മൊഴി. എന്നാല്‍,​ ദീര്‍ഘയാത്രകളില്‍ ബാലഭാസ്‌കര്‍ ഡ്രെെവ് ചെയ്യില്ലെന്ന് ലക്ഷ്‌മി പറഞ്ഞു.ദേശീയപാതയില്‍ പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാംപിന് സമീപം സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. രണ്ടു വയസുകാരിയായ മകള്‍ തേജസ്വിനി ആശുപത്രിയിലെത്തിക്കുമ്ബോഴേക്കും മരിച്ചു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറിനെ രണ്ടു ശസ്ത്രക്രിയകള്‍ക്കു വിധേയനാക്കിയെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞതോടെ മരണത്തിന് കീഴടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: