സിസ്റ്റർ ലൂസി അപകീര്‍ത്തിപ്പെടുത്തുന്നു, മാപ്പ് പറഞ്ഞ് കേസ് പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി: ഭീഷണിയുമായി സഭ

സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ കേസ് സഭയെ അപകീര്‍ത്തിപ്പെടുത്തുമെന്നും പരാതി പിന്‍വലിക്കണമെന്നും എഫ് സി സി സഭയുടെ കത്ത്. സിസ്റ്റര്‍ മാപ്പ് പറയണം, കേസ് നല്‍കാന്‍ ഇടയാക്കിയ സാഹചര്യത്തെ കുറിച്ച്‌ വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും സഭ വ്യക്തമാക്കുന്നു.
കന്യാസ്ത്രീയെ പീ‍ഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എഫ് സിസി സഭയും സിസ്റ്റര്‍ ലൂസിയും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായത്. വിവാദങ്ങള്‍ക്കൊടുവില്‍ സിസ്റ്റര്‍ ലൂസി മഠം വിട്ട് പോകണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ 18ാം തിയ്യതി ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ സംഭവത്തിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇതിന് പിന്നാലെ ലൂസി കളപ്പുരക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തിയ സംഭവത്തില്‍ ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് സിസ്റ്റര്‍ ലൂസി നല്‍കിയ പരാതിക്കു പിന്നാലെയാണ് വെള്ളമുണ്ട പോലീസ് കേസെടുത്തത്. മാനന്തവാടി രൂപതാ പി ആര്‍ ഒ ഫാദര്‍ നോബിള്‍ പാറയ്ക്കല്‍, മഠത്തിലെ കന്യാസ്ത്രീകള്‍ എന്നിവരുള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് കേസ്. സിസി ടിവി ദൃശ്യങ്ങള്‍ കൈമാറിയതിനാണ് മഠത്തിലെ കന്യാസ്ത്രീകള്‍ക്കെതിരായ നടപടി. ഫാദര്‍ നോബിള്‍ പാറയ്ക്കലാണ് വീഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്തത്.സ്ത്രീത്വത്തെ അപമാനിച്ചു, അപവാദ പ്രചരണം നടത്തി എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സിസ്റ്ററെ കാണാന്‍ മഠത്തിലെത്തിയ മാധ്യമപ്രവര്‍ത്തകരുടെ സിസിടിവി ദൃശ്യങ്ങളുപയോഗിച്ചാണ് സാമൂഹികമാധ്യമങ്ങളില്‍ അപവാദപ്രചരണം നടന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നിയമ നടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി സഭ രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: