പിണറായി കൂട്ടക്കൊലപാതകക്കേസ്: സൗമ്യയുടെ മരണത്തില്‍ ദുരൂഹത; ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങില്ല

പിണറായി കൂട്ടക്കൊലപാതക കേസിലെ പ്രതി വണ്ണത്താംവീട്ടില്‍ സൗമ്യ(30) കണ്ണൂര്‍ വനിതാ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. സംഭവത്തില്‍ അസ്വാഭാവികതയുണ്ട് അതു കൊണ്ട് മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. കേസ് നേരത്തെ അന്വേഷിച്ച തലശ്ശേരി സിഐ അട്ടിമറിച്ചതാണ്. കൊലുപാതകങ്ങളില്‍ മറ്റു പലര്‍ക്കും പങ്കുണ്ടായിരുന്നു. പൊലീസ് സൗമ്യയുടെ അഞ്ചു മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പരിശോധിച്ചിരുന്നു. പക്ഷേ തെളിവ് ഒന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. റിമാന്‍ഡില്‍ കഴിയുന്ന സമയത്ത് സൗമ്യയെ സന്ദര്‍ശിച്ച കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി (കെല്‍സ) പ്രവര്‍ത്തകരോട് കൊലപാതകങ്ങള്‍ നടത്തിയത് മറ്റു ചിലരുടെ നിര്‍ദേശ പ്രകാരമാണെന്ന് സൗമ്യ വ്യക്തമാക്കിയിരുന്നു. പക്ഷേ പൊലീസ് കേസ് അട്ടിമറിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
ജയിലിലെ കശുമാവില്‍ തൂങ്ങിയ നിലയിലാണ് സൗമ്യയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. കേസില്‍ വിചാരണ തുടങ്ങാനിരിക്കേയാണ് ഏക പ്രതിയായ സൗമ്യ വനിതാ സബ് ജയിലില്‍ ജീവനൊടുക്കിയത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ കമല, മകള്‍ ഐശ്വര്യ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. സ്വാഭാവിക മരണമാണെന്ന് വരുത്തി തീര്‍ത്ത് ആസൂത്രിതമായി നടത്തിയ കൂട്ടക്കൊലപാതകമായിരുന്നു. നാട്ടുകാര്‍ മരണത്തില്‍ സംശയം ഉന്നയിച്ചതോടെ നടത്തിയ അന്വേഷണമാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതക പരമ്പര വെളിച്ചത്തുകൊണ്ടുവന്നത്
ഭക്ഷണത്തില്‍ വിഷം കൊടുത്താണ് നാല് പേരെയും കൊലപ്പെടുത്തിയത് എന്നാണ് ഒടുവില്‍ സൗമ്യ പോലീസിനോട് സമ്മതിച്ചത്. കുടിവെള്ളത്തിലെ പ്രശ്‌നമാണെന്ന് ധരിപ്പിച്ച് വെള്ളത്തിന്റെ സാമ്പിള്‍ വരെ പരിശോധനയ്ക്ക് അയച്ച് വിശ്വസിപ്പിക്കാനും അവര്‍ ശ്രമിച്ചിരുന്നു. ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ പയ്യാമ്പലം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാനാണു പൊലീസ് ആലോചിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: