ആറളം വീർപ്പാട് വാർഡിലെ ഉപതിരഞ്ഞെടുപ്പ് – ബി ജെ പി സ്ഥാനാർത്ഥിയും പത്രിക നൽകി- എൽ ഡി എഫ് , യു ഡി എഫ് സ്ഥാനാർത്ഥികൾ വ്യാഴാഴ്ച പത്രിക സമർപ്പിച്ചിരുന്നു

ഇരിട്ടി: ആറളം പഞ്ചായത്തിലെ വീർപ്പാട് വാർഡിൽ ഓഗസ്റ്റ് 11ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായി എ.കെ. അജയകുമാർ കൂടി പത്രിക നൽകി . വരണാധികാരി കെ.ജി. സന്തോഷ് മുൻപാകെയാണ് വെള്ളിയാഴ്ച 12 മണിയോടെ പത്രിക സമർപ്പിച്ചത്. ബി ജെ പി നേതാക്കളായ വി.വി. ചന്ദ്രൻ, കൂട്ട ജയപ്രകാശ്, എം.ആർ. സുരേഷ്, മനോഹരൻ വയോറ എന്നിവരോടൊപ്പമെത്തിയാണ് പത്രികാ സമർപ്പണം നടന്നത്.
പത്രികാ സമർപ്പണത്തിന്റെ സമയപരിധി വെള്ളിയാഴ്ച അവസാനിച്ചു . എൽ ഡി എഫ് സ്ഥാനാർത്ഥിയായി യു.കെ. സുധാകരനും, യു ഡി എഫ് സ്ഥാനാർത്ഥിയായി സുരേന്ദ്രൻ പാറക്കത്താഴത്തും കഴിഞ്ഞ ദിവസം പത്രിക നൽകിയിരുന്നു. തിങ്കളാഴ്ച റിട്ടേണിംഗ് ഓഫീസറായ അസിസ്റ്റന്റ് രജിസ്റ്റ്രാളുടെ പുന്നാട് പ്രവർത്തിക്കുന്ന ഓഫീസിൽ വെച്ചാണ് സൂഷ്മ പരിശോധന നടക്കുക .
ആറളം പഞ്ചായത്തിലെ പത്താം വാർഡ് വീർപ്പാട് നിന്നും വിജയിച്ച സി പി എമ്മിലെ ബേബി ജോൺ പൈനാപ്പള്ളി കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. പഞ്ചായത്ത് ഭരണ സമിതിയിൽ നിലവിൽ ഇരു കക്ഷികൾക്കും തുല്യമായ സീറ്റാണ് ഉള്ളത്. 17 അംഗ ഭരണ സമിതിയിൽ ഒഴിവു വന്ന വാർഡ് ഒഴിച്ച് എൽ ഡി എഫിനും യു ഡി എഫിനും എട്ടു വീതം അംഗങ്ങളുടെ പിൻതുണയാണ് ഉള്ളത്. നറുക്കെടുപ്പിലൂടെ എൽ ഡി എഫാണ് ഇപ്പോൾ ഭരണം നടത്തുന്നത്. വര്ഷങ്ങളായി യു ഡി എഫ് ഭരിച്ചുകൊണ്ടിരുന്ന പഞ്ചായത്താണ് ആറളം. അന്തരിച്ച വാർഡ്അംഗം ബേബിജോൺ പൈനാപ്പള്ളി 7 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചിരുന്നത് . പഞ്ചായത്ത് ഭരണം ഈ വാർഡ് അംഗത്തിന്റെ വിജയത്തിനൊപ്പം മാറി മറിയും എന്നിരിക്കേ ഇരുമുന്നണികൾക്കും തിരഞ്ഞെടുപ്പ് ഫലം നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ കടുത്ത മത്സരം വാർഡിൽ നടക്കുമെന്നും ഉറപ്പാണ് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: