വൈവിധ്യ വൽക്കരണത്തിനായി ആറളം ഫാമിന് 6.50 കോടി കൂടി അനുവദിച്ചു

ഇരിട്ടി: ആറളം ഫാമിൽ വൈവിധ്യ വത്കരണത്തിലൂടെ വരുമാനവും കൂടുതൽ തൊഴിലവസരവും സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതികൾക്കായി രണ്ടാം ഘട്ടം എന്ന നിലയിൽ 6. 50 കോടി രൂപകൂടി അനുവദിച്ചു. കർഷിക സർവ്വ കലാശാല ഗവേഷണ വിഭാഗം മുന്നോട്ടു വെച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി 14. 56 കോടി രൂപയുടെ പദ്ധതികളാണ് സർക്കാർ അംഗീകാരം നൽകിയിരുന്നത്. ഇതിൽ മൂന്ന് കോടി രൂപ ആദ്യഘട്ടമെന്ന നിലയിൽ നൽകിയിരുന്നു.
കാർഷിക ഗോഡൗണുകളുടെ നിർമ്മാണം, ഡ്രൈയിംങ് യാർഡ് റിപ്പയറിങ്, കൃഷിയുടെ പുനരുദ്ധാരണം, പുതുകൃഷി, പശു, ആട് വളർത്തൽ, സുഗന്ധവിള കൃഷി എന്നിവയുടെ നടത്തിപ്പിനാണ് രണ്ടാം ഘട്ട സഹായം. ഫാമിൽ തുടക്കമിട്ട 25 ഹെക്ടറിൽ നിന്ന് ലഭിക്കുന്ന മഞ്ഞൾ ശാസ്ത്രീയമായി സംസ്‌കരിച്ച് പൊടിയാക്കി ആറളം ഫാം ബ്രാന്റിൽ വിപണിയിൽ എത്തിക്കാനുള്ള ചെറുകിട ഫാക്ടറിയാരംഭിക്കാനും രണ്ടാം ഘട്ട ധനസഹായം ഉപയോഗപ്പെടുത്തും. മൂല്യ വർധിത ഉത്പ്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള ലാബ്, മാതൃകാ കൃഷിത്തോട്ടം, ഫാം ടൂറിസം പദ്ധതികൾക്കുള്ള തുടക്കം എന്നിവയും രണ്ടാം ഘട്ടിൽ ലക്ഷ്യമിടുന്നുണ്ട്.
ഇതിൽ ഒന്നാം ഘട്ടിൽ നടപ്പിലാക്കിയ പദ്ധതികൾ പൂർത്തിയായി വരികയാണ്. ഫാം ഒന്നാം ബ്ലോക്കിൽ പുതിയ നെഴ്‌സറി ആരംഭിച്ചതും മത്സ്യകൃഷിയും ജല സംരക്ഷണ പ്രവർത്തനങ്ങളും പുതിയ കാർഷികോപകരണങ്ങൾ വാങ്ങിയതും മൊത്തത്തിലുള്ള വികസന പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം വിത്ത് തേങ്ങ പാകി മേഖലയിൽ ആവശ്യമായ തെങ്ങിൻതൈ വിതരണത്തിനുള്ള പ്രവർത്തനങ്ങളും ഊർജ്ജിതമായി നടന്നുവരികയാണ് .
എന്നാൽ കോടികൾ മുടക്കി വികസന പദ്ധതികൾ നടപ്പിലാക്കുമ്പോഴും ഇവിടുത്തെ കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം ഫാമിന് ഒരു തലവേദനയായി തുടരുകയാണ്. ഇത് വലിയ ആശങ്കക്കും ഇടയാക്കുന്നുണ്ട്. ഓരോ വർഷവും ആനകളുടെ എണ്ണം കൂടിക്കൂടി വരുന്ന അവസ്ഥയാണ്. രണ്ടാഴ്ച്ച മുൻമ്പ് ഫാമിന്റെ കൃഷിയിടത്തിൽ നിന്നും 38ഓളം കാട്ടാനകളെയാണ് വനത്തിലേക്ക് തുരത്തിയത്. വനാതിർത്തിയിൽ കാവൽ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വനത്തിലേക്ക് കടന്ന ആനകളിൽ പകുതിയിലധികവും ഫാമിന്റെ കൃഷിയിടത്തിലേക്ക് തന്നെ തിരികെ എത്തി. കോടികളുടെ കൃഷി നാശമാണ് ഒരോ വർഷവും ആനകൾ ഇവിടെ ഉണ്ടാകുന്നത്. ഇവയെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ എത്രയും പെട്ടെന്ന് കണ്ടെത്തി ഫലപ്രദമാക്കിയില്ലെങ്കിൽ കോടികളുടെ പദ്ധതികളെല്ലാം അവതാളത്തിലാകാനാണിടയാക്കുക. സി എസ് എഫിന്റെ കീഴിൽ വെച്ച് പിടിപ്പിച്ചതും നിറയെ കായ്‌ഫലം തന്നിരുന്നതുമായ പന്ത്രണ്ടായിരത്തോളം തെങ്ങുകളിൽ ഇപ്പോൾ അവശേഷിക്കുന്നത് അയ്യായിരത്തിനടുത്ത് തെങ്ങുകൾ മാത്രമാണ്. ബാക്കിയെല്ലാം കാട്ടാനകൾ ചവിട്ടി വീഴ്ത്തിയും കുത്തിമറിച്ചിട്ടും നശിപ്പിച്ചു കഴിഞ്ഞു. കോടികളുടെ നഷ്ടമാണ് തെങ്ങുകളുടെ നാശം മൂലം മാത്രം ആറളം ഫാമിന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രാത്രി ആദിവാസി പുരധിവാസ മിഷൻ ഓഫീസിന് മുന്നിലെ നിറയെ കായ്ഫലമുള്ള കൂറ്റൻ തെങ്ങാണ് കാട്ടന തുത്തി വീഴ്ത്തിയത്. കശുമാവ് നേഴ്‌സറിയുടെ കമ്പിവേലിയും നശിപ്പിച്ചു. നിരവധി ആനകൾ ഇപ്പോഴും ഫാമിന്റെ കൃഷിയിടത്തിൽ താവളമാക്കിയിട്ടുണ്ട്. വനാതിർത്തിയിലെ ആനമതിൽ നിർമ്മിക്കാനുള്ള നടപടികളും ഇതോടൊപ്പം പൂർത്തിയാക്കിയില്ലെങ്കിൽ കോടികളുടെ വൈവിധ്യ വത്ക്കരണ പദ്ധതിയുടെ ഫലവും ഭീമമായ നഷ്ടക്കണക്കായിരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: