കണ്ണൂർ: തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാൻ ജില്ലയിൽ വീണ്ടും നേപ്പാൾ സംഘം. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിനു ജില്ലാ പഞ്ചായത്ത് പുനരാരംഭിക്കുന്ന ആനിമൽ ബർത്ത് കൺട്രോൾ (എബിസി) പദ്ധതിയിലേക്ക് നേപ്പാൾ സ്വദേശികളായ 6 പേരാണ് പട്ടി പിടിത്തത്തിന് ഉണ്ടാകുക. ഇവർ കണ്ണൂരിലെത്തി ക്വാറന്റീനിൽ കഴിയുകയാണ്. ക്വാറന്റീൻ പൂർത്തിയാകുന്ന മുറയ്ക്ക് ഇവർ ഇറങ്ങും. വന്ധ്യംകരണം ഉടൻ ആരംഭിക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ ഒന്നര വർഷമായി പദ്ധതി നടപ്പാക്കിയിട്ടില്ല. 4 വർഷം 6964 നായ്ക്കൾ എബിസി പദ്ധതി നടത്തിപ്പിനായി ഒരു ഡോക്ടർ, 6 ഡോഗ് കാച്ചർ, 2 ക്ലീനിങ് സ്റ്റാഫ്, ഡ്രൈവർ എന്നിങ്ങനെയാണ് ആവശ്യം. നായയെ പിടികൂടി പാപ്പിനിശ്ശേരിയിലെ എബിസി കേന്ദ്രത്തിലെത്തിച്ചു വന്ധ്യംകരണം ചെയ്തു 2 ദിവസത്തിനു ശേഷം പിടികൂടിയ അതേ ഇടത്ത് തന്നെ കൊണ്ടുവിടും. ജില്ലാ പഞ്ചായത്ത് 2017ൽ ആരംഭിച്ച എബിസി പദ്ധതിയുടെ ആദ്യഘട്ടം ബാംഗ്ലൂർ ഏജൻസിയാണ് നടത്തിയിരുന്നത്. ഒരു നായയെ വന്ധ്യംകരിക്കാൻ 1450 രൂപയാണു നിരക്കുണ്ടായിരുന്നത്. പിന്നീട് രണ്ടാം ഘട്ടം മുതൽ ഏജൻസിയെ ഒഴിവാക്കി ജില്ലാ പഞ്ചായത്ത് നേരിട്ടാണു പദ്ധതി നടത്തുന്നത്. പാപ്പിനിശ്ശേരിയിലെ എബിസി കേന്ദ്രത്തിൽ ഇതു വരെയായി 6964 തെരുവ് നായ്ക്കളെ വന്ധ്യംകരിച്ചിട്ടുണ്ട്. 2017ൽ 2124, 2018ൽ 2456, 2019ൽ 1339, 2020ൽ 1045 എന്നിങ്ങനെയാണു നായ്ക്കളെ വന്ധ്യംകരിച്ചത്. പാപ്പിനിശ്ശേരിയിലെ കേന്ദ്രത്തിൽ 200–220 നായ്ക്കളെ പ്രതിമാസം വന്ധ്യംകരിക്കാനുള്ള സൗകര്യമുണ്ട്. പാപ്പിനിശ്ശേരിക്ക് പുറമേ പടിയൂരിലും എബിസി കേന്ദ്രം ആരംഭിക്കാനിരിക്കെയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: