കൃഷിയിടത്തിലെത്തുന്ന കാട്ടുപന്നിയെ വേട്ടയാടാന്‍ കര്‍ഷകര്‍ക്ക് ഹൈക്കോടതിയുടെ അനുമതി

കൃഷിയിടങ്ങളില്‍ ഭീഷണി ഉയര്‍ത്തുന്ന കാട്ടുപന്നികളെ വകവരുത്താന്‍ കര്‍ഷകര്‍ക്ക് ഹൈക്കോടതി അനുമതി. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള കര്‍ഷകര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ നിന്ന് നിര്‍ണ്ണായകമായ ഉത്തരവ് ലഭിച്ചിരിക്കുന്നത്. രണ്ട് കര്‍ഷകര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവെങ്കിലും കോടതിയെ സമീപിച്ചാല്‍ സമാന സാഹചര്യം നേരിടുന്ന കര്‍ഷകര്‍ക്കും സമാനമായ അനുമതി ലഭിച്ചേക്കാമെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കോടതി ഉത്തരവനുസരിച്ച്‌ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 11(1)(ബി) പ്രകാരം ചീഫ് വൈല്‍ഫ് വാര്‍ഡന് കര്‍ഷകരുടെ അപേക്ഷ പ്രകാരം കൃഷിയിടത്തില്‍ അതിക്രമിച്ചുകയറുന്ന കാട്ടുന്നികളെ കൊല്ലാന്‍ അനുമതി നല്‍കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഒരു മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് പി. ബി. സുരേഷ് കുമാറിന്റെ ഉത്തരവിലുണ്ട്. കര്‍ഷകരുടെ ജീവനോപാധികള്‍ നശിപ്പിയ്ക്കുന്ന കാട്ടുപന്നികളെ തുരത്തുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണപരാജയമാണെന്ന് കോടതി വിലയിരുത്തി. ഈ സാഹചര്യത്തില്‍ കാട്ടുപന്നികളെ കൊല്ലാനുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടത് അനിവാര്യമായി മാറിയിരിയ്ക്കുകയാണെന്ന് കോടതി വിലയിരുത്തി. ഹര്‍ജിക്കാര്‍ക്കായി അഭിഭാഷകരായ അലക്‌സ് എം. സ്‌കറിയ, അമല്‍ ദര്‍ശന്‍ എന്നിവരാണ് കോടതിയില്‍ ഹാജരായത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടുപന്നിയുടെ ആക്രമണം കൃഷിയിടങ്ങളെ ആകമാനം നശിപ്പിക്കുന്നതിനാല്‍ ഇവയെ ശല്യമൃഗമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിരുന്നു. ഇവയെ നശിപ്പിക്കുന്നതിനുള്ള നടപടികള്‍ തേടി കേന്ദ്രത്തെ സമീപിക്കുകയും ചെയ്തു. എന്നാല്‍ കാട്ടുപന്നികളെ കൊന്നൊടുക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്ര വനം പരിസ്ഥിത മന്ത്രാലയം സ്വീകരിച്ചത്.

കുടുക്കുകളും കൂടുകളുമൊക്കെ ഉപയോഗിച്ച്‌ കെണിയില്‍ വീഴ്ത്തിയ ശേഷം കാട്ടിലും മറ്റുമൊക്കെ തുറന്നുവിടുന്ന രീതി അനുവര്‍ത്തിയ്ക്കാനായിരുന്നു മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഈ മാര്‍ഗ്ഗങ്ങളൊക്കെ പിന്തുടര്‍ന്നെങ്കിലും ഒന്നു ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ കോടതിയെ സമീപിച്ചത്.

വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ വളരെ കര്‍ക്കശമായതിനാല്‍ വന്‍ തോതില്‍ പെറ്റു പെരുകിയിട്ടും അവയുടെ എണ്ണം നിയന്ത്രിച്ചു ശല്യം കുറക്കാന്‍ വനം വകുപ്പിനായില്ല. ഈ സമയത്താണ് നിരന്തരമായി അവയുടെ ശല്യമുള്ള മേഖലകളില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ഉദ്യോഗസ്ഥര്‍ക്ക് പുറമെ തോക്ക് ലൈസന്‍സുള്ള നാട്ടുകാര്‍ക്കും അവയെ വെടിവച്ചുകൊല്ലാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവായത്.

ഉത്തരവ് നടപ്പാക്കപ്പെടുകയും നിരവധി കാട്ടുപന്നികളെ വെടിവച്ചു കൊല്ലുകയും ചെയ്തു. എന്നിട്ടും അവയുടെ എണ്ണത്തിലോ ശല്യത്തിലോ വലിയ കുറവു കാണാത്തതിനാല്‍ അവയെ വെര്‍മിന്‍ (ശല്യകാരിയായ മൃഗം) ആയി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്. വെര്‍മിനായി പ്രഖ്യാപിക്കപ്പെട്ടാല്‍ നാട്ടില്‍ ഇറങ്ങുന്നവയെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാന്‍ വകുപ്പിന് സാധിക്കും. എന്നാല്‍ ഇത് ഫലപ്രദമായി നടപ്പിലാക്കാനായില്ലെന്ന് ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കാട്ടുപന്നിയെ ശല്യജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനയായ ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന്‍ (കിഫ) നേരത്തെ ഹൈക്കോടതിയിയെ സമീപിച്ചിരുന്നു. വര്‍ധിച്ചുവരുന്ന കാട്ടുപന്നി ആക്രമണങ്ങളും കര്‍ഷകരുടെ ജീവഹാനിയും മുന്‍നിര്‍ത്തിയാണ് കിഫ നിയമ നടപടികള്‍ക്ക് തുടങ്ങിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: