കര്‍ണാടക; മുഖ്യമന്ത്രിയായി യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും

കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ നിലംപതിച്ച സാഹചര്യത്തില്‍ ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പായി. യെദ്യൂരപ്പ വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബുധനാഴ്ച ബി.ജെ.പി അവകാശവാദമുന്നയിക്കുമെന്ന് മുതിര്‍ന്ന നേതാവ് ആര്‍. അശോക് പറഞ്ഞു. പാര്‍ട്ടിക്ക് മുഴുവനായി 107 പേരുടെ പിന്തുണയുണ്ട്.2007-ലാണ് യെദ്യൂരപ്പ ആദ്യമായി മുഖ്യമന്ത്രിയായത്. അന്നും പിന്നീടു വന്ന അവസരങ്ങളിലും അദ്ദേഹത്തിനു കാലാവധി പൂര്‍ത്തിയാക്കാനായിരുന്നില്ല. ഇത്തവണയും ഭൂരിപക്ഷമില്ലാതെയാണ് യെദ്യൂരപ്പ അധികാരത്തിലെത്തുന്നത്.ആര്‍.എസ്.എസിലൂടെയാണ് യെദ്യൂരപ്പ രാഷ്ട്രീയത്തില്‍ സജീവമായത്. കര്‍ണാടകത്തിലെ പ്രബലമായ ലിംഗായത്ത് സമുദായത്തിന്റെ വലിയ പിന്തുണ അദ്ദേഹത്തിനുണ്ട്. ജനപിന്തുണ പരിഗണിച്ചാണ് 76-കാരനായ യെദ്യൂരപ്പയെ ബി.ജെ.പി കേന്ദ്രനേതൃത്വം മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി വീണ്ടും പ്രഖ്യാപിച്ചത്. 75 വയസ്സു കഴിഞ്ഞവരെ പദവിയില്‍ നിന്ന മാറ്റി നിര്‍ത്താനുള്ള തീരുമാനം ഇളവുചെയ്താണ് അദ്ദേഹത്തെ തുടരാന്‍ അനുവദിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 28 സീറ്റില്‍ 25 എണ്ണത്തിലും ബി.ജെ.പി ജയിച്ചതും അദ്ദേഹത്തിന്റെ സ്വാധീനം ഉറപ്പിക്കുന്നതായി.ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍, ദേശീയ ഉപാധ്യക്ഷന്‍ തുടങ്ങി വിവിധ പദവികള്‍ വഹിച്ച യെദ്യൂരപ്പ ശിവമോഗയിലെ ശിക്കാരിപുരയില്‍ നിന്ന് തുടര്‍ച്ചയായി ആറു തവണ തിരഞ്ഞെടുക്കപ്പെട്ടു. 2014-ല്‍നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ശിവമോഗയില്‍ നിന്നു ജയിച്ചത്.അനധികൃത ഇരുമ്ബയിരു ഖനനക്കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് 2011-ല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു. തുടര്‍ന്ന് ബി.ജെ.പിയുമായി തെറ്റിയ യെദ്യൂരപ്പ 2012-ല്‍ പാര്‍ട്ടി വിട്ട് കെ.ജെ.പി. രൂപവത്കരിച്ചു. ഇതേ തുടര്‍ന്ന് 2013-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് ബി.ജെ.പിക്ക് നേരിടേണ്ടി വന്നത്. യെദ്യൂരപ്പയുടെ ജനപിന്തുണ കണ്ടറിഞ്ഞാണ് ബി.ജെ.പിയില്‍ തിരിച്ചെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി അടുത്ത ബന്ധമുള്ള നേതാവു കൂടിയാണ് യെദ്യൂരപ്പ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: