കണ്ണാടിപ്പറമ്പിൽ വീട്ടിൽനിന്ന് സ്വർണവും പണവും കവർന്നു

കണ്ണാടിപ്പറമ്പിൽ വീടിന്റെ പിൻവാതിലും അലമാരയും തകർത്ത് കവർച്ച. അലമാരയിൽ സൂക്ഷിച്ച എട്ടുപവൻ സ്വർണവും 10,000 രൂപയുമാണ് മോഷണംപോയത്. ധർമശാസ്താ ക്ഷേത്രത്തിനുസമീപത്തെ ലക്ഷ്മിവിലാസത്തിൽ രാമാനന്ദ വാര്യരുടെ വീട്ടിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. വീടിന്റെ പിറകുവശത്തെ ഗ്രില്ലിന്റെ പൂട്ടും അടുക്കളവാതിലും തകർത്തു.കനത്ത മഴ കാരണം വിവരം വീട്ടുകാർ അറിഞ്ഞില്ല. രാമാനന്ദ വാര്യർ ചെന്നൈയിലെ ക്ഷേത്രത്തിലെ കഴകക്കാരനാണ്. ഇദ്ദേഹത്തിന്റെ ഭാര്യ രാധാമണിയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. മോഷണത്തിന് ഉപയോഗിച്ചതെന്ന്‌ കരുതുന്ന വലിയ കമ്പിപ്പാര അടുക്കളയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ട്. മയ്യിൽ എസ്.ഐ. വി.ആർ.വിനീഷ്,സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്, സജിത്ത്, ഡ്രൈവർ വിനോദ് എന്നിവരും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും പരിശോധനനടത്തി.സമീപത്തെ കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിനുമുന്നിലുള്ള സി.സി.ടി.വി. പരിശോധനയിൽ പുലർച്ചെ രണ്ടരയ്ക്ക് ഒരാൾ റോഡിലൂടെ സഞ്ചിയുമായി പോകുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. കണ്ണൂരിൽനിന്ന് വിരലടയാളവിദഗ്ധരും ശ്വാനസേനയുമെത്തി പരിശോധനനടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: