കണ്ണാടി പറമ്പ് നിടുവാട്ട് – പാറപ്പുറം തമ്മിൽ ബന്ധിപ്പിക്കുന്ന കൂളിത്തറ റോഡിന്റെ ശോചനീയാവസ്ഥ:അധികൃതർ കാണുന്നുണ്ടോ ആവോ !!?

കണ്ണാടിപറമ്പ: ഇത് കണ്ട് ആത്ഭുതപ്പെടേണ്ട. നാറാത്ത് ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന നിടുവാട്ട് – പാറപ്പുറം തമ്മിൽ ബന്ധിപ്പിക്കുന്ന കൂളിത്തറ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്. കാലവർഷം കൂടി കനത്തതോടെ ഇതുവഴിയുള്ള യാത്ര തീരാബുദ്ധിമുട്ടിലാണ്. നീണ്ടകാല കാത്തിരിപ്പിനൊടുവിൽ ഏതാനും മാസങ്ങൾക്കു മുമ്പാണ് ഇവിടെ ടാറിങ് നടത്തിയത്. എന്നാൽ പ്രസ്തുത ടാറിങ് റോഡിന്റെ മുക്കാൽ ഭാഗത്തോളം വരെ മാത്രമേ ചെയ്തിരുന്നുള്ളൂ. ടാറിടാതെ അവശേഷിച്ച ഭാഗം കാരണമാണ് ഇതുവഴിയുള്ള യാത്ര ഇന്ന് ദുസ്സഹമായിരിക്കുന്നത്. ദിനേന മദ്‌റസ – സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേരാണ് ഇതുവഴിയേ സഞ്ചരിക്കുന്നത്. വാഹനങ്ങൾക്കാകട്ടെ, ഇന്നത്തെ അവസ്ഥയിൽ ഈ വഴി പോകുവാനൊട്ടും സാധ്യവുമല്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ വലിയ കാറുകളടക്കം നിരവധി വാഹനങ്ങളാണ് ഈ ‘ചെളിക്കുള’ത്തിൽ കുടുങ്ങിയത്. നീണ്ടസമയത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ഈ വാഹനങ്ങളെല്ലാം തന്നെ ബന്ധപ്പെട്ടവർ പുറത്തെടുത്തത്. ബൈക്കുകളുടെ അവസ്ഥയും തഥൈവ !! സമീപ പ്രദേശത്തുകാർക്കും ഇതരപ്രദേശങ്ങളിലെ നാട്ടുകാർക്കും ഏറെ സഹായകമാകുന്നഒരു റോഡാണ് നിടുവാട്ട് കൂളിത്തറ റോഡ്. പക്ഷെ, നിലവിലെ പ്രതികൂലാവസ്ഥ കാരണം ഈ റോഡ് കാൽനടക്കാർക്കു മാത്രം വഴിമാറുകയായിരുന്നു. ഇന്നത്തെ അവസ്ഥയിൽ വളരെ ബുദ്ധിമുട്ടിയാണെങ്കിലും ഇതിലേ പോകുന്ന കാൽനടയാത്രക്കാർ ഇന്നും വിരളമല്ല. അതിൽ പ്രായമേറിയവരുടെ അവസ്ഥ വളരെ ദയനീയമാണ്. ബന്ധപ്പെട്ട അധികൃതർ ഒന്ന് കണ്ണുതുറക്കുകയാണെങ്കിൽ, അത് നാട്ടുകാർക്കും മറ്റുള്ള യാത്രക്കാർക്കും ഇതുവഴി ക്ലേശമില്ലാതെ, സുഗമമായി സഞ്ചരിക്കുവാൻ ഒരു നിമിത്തമായി മാറും.കണ്ണൂർ വാർത്തകൾക്ക് വേണ്ടി _✍🏻 മുഹമ്മദ് അൽത്താഫ്.കെ, നിടുവാട്ട്_

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: