കൂട്ടുപുഴയിൽ നിന്നും ഭീമൻ രാജവെമ്പാലയെ പിടികൂടി
കൂട്ടുപുഴ കച്ചേരി കടവിലെ വീടിനു സമീപ റോഡിലുള്ള കലുങ്കിനുളളിൽ നിന്നു രാജവെമ്പാലയെ പിടികൂടി. അഞ്ചു മീറ്ററിലധികം
നീളമുള്ള കൂറ്റൻ രാജവെമ്പാലയെയാണ് പിടികൂടിയത്.
കലുങ്കിന്റെ അടിയിൽ രാജവെമ്പാല കയറി പോവുന്നത് കണ്ട വീട്ടുകാർ ഉടൻ തന്നെ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പ്രസാദ് ഫാൻസ് അസോസിയേഷൻ റെസ്ക്യൂ വിംഗ് ലീഡറും റാപിഡ് റെസ്പോൻഡ്സ് ടീം വാച്ചറുമായ നിധീഷ് ചാലോട് എത്തി കലുങ്കിന്റെ അടിയിൽ ഇറങ്ങി രാജവെമ്പാലയെ പിടികൂടുകയായിരുന്നു.
പ്രദേശത്തു രാജവെമ്പാല ഉണ്ടെന്നറിഞ്ഞു നൂറുകണക്കിനു ആളുകളാണ് സംഭവ സ്ഥലത്തു എത്തിയത്. കഴിഞ്ഞ ദിവസം സമീപത്തെ കിണറിൽ വച്ചും ഒരു രാജവെമ്പാലയെ പിടികൂടിയിരുന്നു.
സംഘത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശശികുമാർ, ഡ്രൈവർ വത്സരാജ് എന്നിവരും ഉണ്ടായിരുന്നു. പിന്നീട് പാമ്പിനെ വനത്തിൽ വിട്ടു.