കോവിഡ് പ്രതിരോധ പ്രവർത്തനത്തിലെ അപാകത
കണ്ണൂരിൽ സി പി ഐ എം പ്രത്യക്ഷ സമരത്തിലേക്ക്

മൃതദേഹങ്ങളോട് അനാദരവ് കാട്ടുന്ന നടപടി അവസാനിപ്പിക്കുക, ജനകീയ ഹോട്ടലോ സമൂഹ അടുക്കളയോ ഉടന്‍ ആരംഭിക്കുക, അതിഥി തൊഴിലാളികള്‍ക്കും കിടപ്പുരോഗികള്‍ക്കും ആവശ്യമായ സേവനം ലഭ്യമാക്കുക, മരുന്ന് അടക്കമുള്ള അവശ്യസാധനങ്ങള്‍ ഹോംഡെലിവറിയിലൂടെ ജനങ്ങള്‍ക്കെത്തിക്കുക, പാസ്സ് അനുവദിക്കുന്നതിലെ വിവേചനം അവസാനിപ്പിക്കുക. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മെയ് 25ന് എല്‍ഡിഎഫ് ജനപ്രതിനിധികളും മുന്നണി പ്രവര്‍ത്തകډാരും കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 250 കേന്ദ്രങ്ങളിലും കടമ്പൂരില്‍ 21 കേന്ദ്രങ്ങളിലും, വളപട്ടണം 15 കേന്ദ്രങ്ങളിലും, അയ്യന്‍കുന്ന് 17 കേന്ദ്രങ്ങളിലും ഉള്‍പ്പെടെ 303 കേന്ദ്രങ്ങളില്‍ 5 പേര്‍ വീതം പങ്കെടുക്കുന്ന ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നു.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കും സമരം സംഘടിപ്പിക്കുക. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനാണ് മേയറുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷനും, കടമ്പൂര്‍, വളപട്ടണം ഭരണസമിതികളും പരിശ്രമിക്കുന്നത്. കോവിഡിന് രാഷ്ട്രീയമല്ല. അതുകൊണ്ട് തന്നെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയം പാടില്ല. എന്നാല്‍ മേയറുടേത് വഷളന്‍ രാഷ്ട്രീയക്കളിയാണ്. കോവിഡ് മൂലം മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മറവുചെയ്യാന്‍ ആരോഗ്യവകുപ്പില്‍ നിന്നും പരിശീലനം സിദ്ധിച്ച ഐആര്‍പിസി വളണ്ടിയര്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് പ്രാകൃത നടപടിയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി പയ്യാമ്പലത്ത് സൗജന്യസേവനമനുഷ്ഠിച്ചുവരുന്നവരാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ റിലീഫ് ഏജന്‍സിയെന്ന അംഗീകാരമുള്ള ഐആര്‍പിസി വളണ്ടിയര്‍മാര്‍. കോര്‍പ്പറേഷന്‍ നേരിട്ട് മറവ് ചെയ്യാന്‍ ചുമതലപ്പെടുത്തിയ വളണ്ടിയര്‍മാര്‍ക്ക് ആരോഗ്യവകുപ്പില്‍ നിന്ന് പരിശീലനം ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും സംസ്കരിക്കുന്നില്ല. ബന്ധുക്കള്‍ക്ക് മൃതദേഹവുമായി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവരുന്നു. ഗ്ലൗസും മറ്റും പയ്യാമ്പലത്ത് ശ്മശാനത്തില്‍ തന്നെ ഈ വളണ്ടിയര്‍മാര്‍ ഉപേക്ഷിച്ചുപോവുകയാണ്. കോവിഡ് മൂലമല്ലാതെ മരണപ്പെട്ടവരുടെ മൃതദേഹവും അടക്കം ചെയ്യുന്ന ശ്മശാനമായതുകൊണ്ട് തന്നെ കോവിഡ് മൂലം മരിച്ചവരെ മറവുചെയ്യുമ്പോള്‍ നല്ല ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതൊന്നും ഇവിടെ ഇപ്പോള്‍ പാലിക്കുന്നില്ല.
1150ലേറെ ആശ്രയ വിഭാഗത്തില്‍പ്പെട്ട കിടപ്പ് രോഗികളും അതിഥി തൊഴിലാളികളും കോര്‍പ്പറേഷന്‍ പരിധിയിലുണ്ട്. കടമ്പൂര്‍, വളപട്ടണം പഞ്ചായത്തുകളിലും നിരവധി പേരുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സേവനങ്ങളൊന്നും അവര്‍ക്ക് നല്‍കുന്നില്ല. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ഭൂരിപക്ഷവും സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കി. കണ്ണൂര്‍ കോര്‍പ്പറേഷനും, കടമ്പൂര്‍, വളപട്ടണം പഞ്ചായത്തുകളും അതും നല്‍കിയിട്ടില്ല. ജനകീയ ഹോട്ടലോ സാമൂഹ്യ അടുക്കളയോ ഇല്ലാത്ത ജില്ലയിലെ ഏക തദ്ദേശ സ്ഥാപനം കണ്ണൂര്‍ കോര്‍പ്പറേഷനാണ്. കടമ്പൂരിലും വളപട്ടണത്തും, അയ്യന്‍കുന്നിലും ജനകീയ ഹോട്ടലുകളുണ്ട്. എന്നാല്‍ അത് പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച രീതിയില്‍ അഗതികള്‍ക്കും, കിടപ്പ് രോഗികള്‍ക്കും ഭക്ഷണം നല്‍കുന്നില്ല. കോവിഡ് രോഗികള്‍ക്ക് ഭക്ഷണം നല്‍കേണ്ടിവരുമെന്നതിനാല്‍ ഡി.സി.സിയോ സി.എഫ്.എല്‍.ടി.സിയോ ഇവിടെ ആരംഭിച്ചിട്ടില്ല. വളണ്ടിയര്‍ പാസ്സ് നല്‍കുന്നതിലും വളണ്ടിയര്‍മാരെ സജീവമാക്കുന്നതിലും നാലിടത്തും രാഷ്ട്രീയപക്ഷപാതിത്വവും നിഷ്ക്രിയവുമാണ്. ഇവിടെ ജാഗ്രതാ സമിതി യോഗങ്ങള്‍ കൂടാറില്ല. ഏറ്റവും ആദിവാസികള്‍ക്ക് കോവിഡ് പിടികൂടിയ പഞ്ചായത്തുകളില്‍ ഒന്നാണ് അയ്യന്‍കുന്ന്. കോളനികളിലുള്ളവര്‍ക്ക് ഭക്ഷണമോ മരുന്നോ പഞ്ചായത്ത് അധികൃതര്‍ നല്‍കുന്നില്ല. പഞ്ചായത്ത് ആംബുലന്‍സോ മറ്റ് സൗകര്യമോ ഒരുക്കിയിട്ടില്ല. സി.പി.ഐ(എം) വളണ്ടിയര്‍മാരാണ് ഇപ്പോള്‍ ഇതെല്ലാം ചെയ്യുന്നത്. ഇതെല്ലാം ആവശ്യപ്പെട്ടുകൊണ്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും പഞ്ചായത്തംഗങ്ങളും മേയര്‍ക്കും, കടമ്പൂര്‍, വളപട്ടണം,അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്കും രേഖാമൂലം കത്ത് നല്‍കിയിരുന്നു.
ജില്ലാ ഭരണകൂടം മൃതദേഹം മറവുചെയ്യുന്നതുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗം സന്നദ്ധസേവന പ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്താന്‍ ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തില്‍ മൃതദേഹം മറവുചെയ്യല്‍ തങ്ങളുടെ അധികാരപരിധിയില്‍ പെട്ടതാണെന്ന വാദമുയര്‍ത്തിയത് സര്‍ക്കാറിന്‍റെ മെയ് 11ലെ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയാണ്.
എന്നാല്‍ മേല്‍ വിവരിച്ച എല്ലാ കാര്യങ്ങളും ചെയ്യാന്‍ സര്‍ക്കാര്‍ സര്‍ക്കുലറും ഉത്തരവും ഇറക്കിയിട്ടുണ്ട്. അതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടാണ് കോര്‍പ്പറേഷനും മൂന്ന് പഞ്ചായത്തുകളും സ്വീകരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യു.ഡി.എഫ് ഭരിക്കുന്ന മറ്റ് തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനം പോലും ഇവര്‍ നടത്തുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലും സി.പി.ഐ(എം), ഉള്‍പ്പെടെ ഇടതുപാര്‍ട്ടികളും, ജനാധിപത്യ മഹിളാ അസോസിയേഷന്‍, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, ഐ.ആര്‍.പി.സി എന്നീ സംഘടനകളും സന്നദ്ധ വളണ്ടിയര്‍മാരും സജീവമായി രംഗത്തിറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഏറ്റവുമെടുവില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് വസ്തു നികുതി അടച്ചില്ലെന്ന കാരണം പറഞ്ഞ് കോര്‍പ്പറേഷന്‍ ഡിമാന്‍റ് നോട്ടീസ് അയച്ചിരിക്കുകയാണ്. ഇല്ലെങ്കില്‍ ജപ്തി നടപടികള്‍ സ്വീകരിക്കുമെന്ന ഭീഷണിയുമുണ്ട്. കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷന്‍ 235 എച്ച് പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളെയും സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുത്ത കെട്ടിടങ്ങളെയും വസ്തു നികുതിയില്‍ നിന്ന് ഒഴിവാക്കിയതാണ്. അതൊന്നും പരിഗണിക്കാതെയാണ് നോട്ടീസ് നല്‍കിയത്. കുറച്ച് മുമ്പ് ജില്ലാ പഞ്ചായത്ത് കുടുംബശ്രീ ഹോട്ടലില്‍ നിന്നും പന്നിഫാമിലേക്ക് നല്‍കാനായി കരുതിവെച്ച ഭക്ഷണങ്ങളുടെ അവശിഷ്ടം പിടിച്ചെടുത്ത് പഴകിയ ഭക്ഷണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കോണ്‍ഗ്രസ് അനുകൂല സര്‍വ്വീസ് സംഘടനാ നേതാക്കളെ ഉപയോഗിച്ച് മേയര്‍ നടത്തിയ പരിഹാസ്യമായ നീക്കം ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. മേയറുടെ ഇത്തരം രാഷ്ട്രീയക്കളികള്‍ക്ക് കോര്‍പ്പറേഷനിലെ ചില ഉദ്യോഗസ്ഥډാര്‍ കൂട്ടുനില്‍ക്കുന്നത് ന്യായീകരിക്കാന്‍ കഴിയാത്തതും നിയമവിരുദ്ധവുമാണ്. പ്രതിപക്ഷത്തെ ഒട്ടും സഹകരിപ്പിക്കാതെയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും മറ്റു നടപടികളും ഏകപക്ഷീയമായി സ്വീകരിക്കുന്നതിനെതിരെയാണ് ഈ ജനകീയ സമരം. സമരത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കാന്‍ എല്ലാവിഭാഗം ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

1 thought on “കോവിഡ് പ്രതിരോധ പ്രവർത്തനത്തിലെ അപാകത
കണ്ണൂരിൽ സി പി ഐ എം പ്രത്യക്ഷ സമരത്തിലേക്ക്

  1. അതിഥി തൊഴിലാളികൾക്ക് പകരം ആതിഥേയതൊഴിലാളിക്കൾക്ക് ജോലി കൊടുത്തുകൂടെ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: