നിപ്പാ വൈറസ് രോഗവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ മൂന്ന് ആശുപത്രികളിൽ ചികിത്സാ സൗകര്യം
കണ്ണൂർ: കോഴിക്കോട് ജില്ലയിൽ നിപ്പാ വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിപ്പാ വൈറസ് രോഗവുമായി ബന്ധപ്പെട്ട് ആവശ്യമായ മുന്നൊരുക്കങ്ങളെടുക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗം ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി, പരിയാരം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ഐസൊലേഷൻ വാർഡുകൾ, ചികിത്സാ സൗകര്യങ്ങൾ എന്നിവ ഒരുക്കിയതായി യോഗം വിലയിരുത്തി. ജില്ലാ ആശുപത്രിയിൽ ഡോ.എൻ.അഭിലാഷ് (9961730233), തലശേരി ജനറൽ ആശുപത്രിയിൽ ഡോ. കെ.സി.അനീഷ് (9447804603) എന്നിവരെ നോഡൽ ഓഫീസർമാരായി നിയമിച്ചു. കണ്ണൂരിലെ കൊയിലി ആശുപത്രി, എകെജി ആശുപത്രി, ധനലക്ഷ്മി ആശുപത്രി എന്നിവിടങ്ങളിൽക്കൂടി ഐസൊലേഷൻ വാർഡ്, ചികിത്സാ സൗകര്യങ്ങൾ എന്നിവ ഒരുക്കണമന്ന് കളക്ടർ ഐഎംഎക്ക് നിർദേശം നൽകി.
സർക്കാർ, സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് ഇതുമായി ബന്ധപ്പെട്ട് പ്രത്യേകം ബോധവത്കരണ ക്ലാസുകൾ നൽകും. എല്ലാ ആശുപത്രികളിലും വ്യക്തിഗത സുരക്ഷയ്ക്കുള്ള ഉപകരണം ലഭ്യമാക്കാനും തീരുമാനിച്ചു. വൈറസ് ബാധ സംശയിക്കുന്ന രോഗികളുടെ രക്തം, തൊണ്ടയിലെ സ്രവം, മൂത്രം എന്നിവ കണ്ണൂർ ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ വച്ച് ശേഖരിക്കുമെന്നും അവിടെ നിന്നും മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയക്കുമെന്നും ഡിഎംഒ അറിയിച്ചു. സ്വകാര്യ ആശുപത്രികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
താലൂക്ക് ആശുപത്രി മുതൽ മുകളിലോട്ടുള്ള ആശുപത്രികളിൽ പ്രത്യേക പനി ക്ലിനിക്കുകൾ ആരംഭിക്കും. നിപ്പാ വൈറസ് രോഗത്തിന്റെ റഫറൽ കേന്ദ്രമായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയെ തെരഞ്ഞെടുത്തു. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ നിപ്പാ വൈറസ് രോഗവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസിൽ പ്രവർത്തിക്കുന്ന ഐഡിഎസ്പിയിലേക്ക് അയയ്ക്കണമെന്ന് കളക്ടർ അറിയിച്ചു. എല്ലാ ആശുപത്രികളിലും ഐസൊലേഷൻ വാർഡോ പ്രത്യേക ഇടമോ ഒരുക്കണം.
ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വരുന്ന തെറ്റായ പ്രചരണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നോഡൽ ഓഫീസർമാരെ അറിയിക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ മേയർ ഇ.പി. ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ജയബാലൻ, കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വെള്ളോറ രാജൻ, ഡിഎഫ്ഒ സുനിൽ പാമിഡി, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.എം.കെ.ഷാജ്, ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.ടി. മനോജ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ.വി.പി.രാജേഷ്, ഡോ.എൻ.അഭിലാഷ്, സ്വകാര്യ ആശുപത്രി അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.
കണ്ണൂര് ജില്ലാ വാര്ത്തകള്ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal