കീരിയാട്ടെ കൊലപാതകം: അന്വേഷണം അയൽസംസ്ഥാനങ്ങളിലേക്ക്
വളപട്ടണം: കീരിയാട്ട് ഇതരസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം അയൽസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.
കൊലപാതകം നടത്തിയവരെന്ന് സംശയിക്കുന്ന അഞ്ചുപേർ നാടുവിട്ടതായി സംശയം ബലപ്പെട്ടതിനെ തുടർന്നാണ് പോലീസ് അയൽസംസ്ഥാനങ്ങളിലേക്കും തെരച്ചിൽ നടത്തുന്നത്. കീരിയാട് പ്രദേശത്തെ പത്ത് സിസിടിവി കാമറകൾ പരിശോധിച്ചതിൽനിന്നും 11.30ന് അഞ്ചു പേർ ക്വാർട്ടേഴ്സ് ഭാഗത്തേക്ക് വരുന്നതും 11.55ന് ഇവർ തിരിച്ചുപോകുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ അഞ്ചുപേർ ഉപേക്ഷിച്ചതെന്നു കരുതുന്ന പാസ്ബുക്ക്, ആഭരണപ്പെട്ടി എന്നിവ കണ്ണൂർ റെയിൽവേസ്റ്റേഷൻ പരിസരത്തുനിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ മുഴുവൻ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന തുടരുകയാണ്.
വളപട്ടണം റെയിൽവേ സ്റ്റേഷനിൽ ഇതേദിവസം രാവിലെ അഞ്ചുപേരെ കണ്ടതായി ചിലർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇന്നലെ രാത്രി പ്രഭാകർദാസിന്റെ സുഹൃത്തുക്കളായ 11 പേരെ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചു. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും മുഴുവൻ സ്ഥലത്തും പോലീസ് അന്വേഷണം നടക്കുകയാണ്.
സംഭവദിവസം പുലർച്ചെ ഇവർ ട്രെയിൻകയറി രക്ഷപ്പെട്ടുവെന്ന സംശയത്തിലാണ് പോലീസ്. അലമാരയിലുണ്ടായിരുന്ന സ്വർണവും പ്രഭാകർദാസിന്റെ ഭാര്യ ലക്ഷ്മി പ്രിയദാസിന്റെയും മകളുടെയും സ്വർണമാലകളുമാണ് കവർന്നിരിക്കുന്നത്. 19ന് അർധരാത്രിയാണ് ഒഡീഷ സ്വദേശി പ്രഭാകർ ദാസ് ഭാര്യയുടെയും മകളുടെയും മുന്നിൽവച്ച് കൊല്ലപ്പെട്ടത്.
കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal