കീഴാറ്റൂരിൽനിന്ന് കണ്ണൂരിലേക്ക് 26 ന് ബഹുജന മാർച്ച്
കണ്ണൂർ: അശാസ്ത്രീയമായ ദേശീയപാത വികസനത്തിനെതിരേ കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സമരം ചെയ്യുന്നവർ കീഴാറ്റൂർ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ 26ന് കീഴാറ്റൂരിൽനിന്ന് കണ്ണൂരിലേക്ക് ബഹുജന മാർച്ച് നടത്തും. തുടർന്ന് വൈകുന്നേരം കളക്ടറുടെ ഔദ്യോഗിക വസതിക്കു മുന്നിൽ അടുപ്പുകൂട്ടി കഞ്ഞിവയ്പ് സമരം നടത്തുമെന്ന് സമിതി ചെയർമാൻ ഡോ. ഡി. സുരേന്ദ്രനാഥും വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരും പത്രസമ്മേളനത്തിൽ അറിയിച്ചു. കീഴാറ്റൂരിൽ രാവിലെ ഒൻപതിന് നാഷണൽ ഹൈവേ ആക്ഷൻ കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ ഹാഷിം ചേന്ദന്പള്ളിയും വൈകുന്നേരം കളക്ടറുടെ വസതിക്കുമുന്നിലെ കഞ്ഞിവയ്പ് സമരം എൻഡോസൾഫാൻ സമരനേതാവ് അന്പലത്തറ കുഞ്ഞികൃഷ്ണനും ഉദ്ഘാടനം ചെയ്യും. ദേശീയപാത അലൈൻമെന്റിന്റെ ത്രീഡി നോട്ടിഫിക്കേഷൻ 30 നകം പൂർത്തിയാക്കുമെന്ന് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമരം നടത്താൻ തീരുമാനിച്ചത്. ത്രീഡി നോട്ടിഫിക്കേഷൻ നടപടികൾ നിർത്തിവയ്ക്കുക, അശാസ്ത്രീയ ദേശീയപാത അലൈൻമെന്റ് പുനർനിർണയിക്കുക, ദേശീയപാത സ്വകാര്യവത്കരണം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ജനങ്ങളുടെ വികാരങ്ങളെ മനസിലാക്കാതെ തികച്ചും ജനാധിപത്യവിരുദ്ധമായ നിലപാടുകളാണ് ഇടതുപക്ഷ സർക്കാരിൽനിന്നുണ്ടാകുന്നതെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു. പത്രസമ്മേളനത്തിൽ കെ. നിഷിൽകുമാർ, എൻ.എം. കോയ, നജീബ് കടവത്ത് എന്നിവരും പങ്കെടുത്തു
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal