തൃശൂർ പൂരം: രാത്രി പ‍ഞ്ചവാദ്യത്തിനിടെ ആൽമരക്കൊമ്പ് വീണ് 2 പേർ മരിച്ചു

തൃശൂർ: തൃശൂർ പൂരത്തിനിടെ ആൽമരംമരത്തിന്റെ ശിഖരം പൊട്ടിവീണ് അപകടം. രണ്ട് പേർ മരണപ്പെട്ടതായി പോലീസ് പറഞ്ഞു. തിരുവമ്പാടി ദേവസ്വം ബോർഡ് അംഗങ്ങളായ രമേശ്, രാമചന്ദ്രൻ എന്നിവരാണ് മരണപ്പെട്ടത്. ഇരുപത്തിയഞ്ചു പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കൽ കോളേജിലും സമീപത്തെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.പരുക്കേറ്റവരിൽ തിമില കലാകാരൻമാരായ കരിയന്നൂർ നാരായണൻ നമ്പൂതിരി, കോട്ടയ്ക്കൽ രവി, മദ്ദളം കലാകാരൻ വരദരാജൻ എന്നിവരുമുണ്ട്. ചില മാധ്യമപ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്.

തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യത്തിനിടെയാണ് അപകടം. രാത്രി 12.20ഓടെ ബ്രഹ്മസ്വം മഠത്തിന് സമീപത്താണ് അപകടം നടന്നത്. പഞ്ചവാദ്യസംഘത്തിന് മേലേക്ക് സമീപത്തെ ആലിന്റെ ശിഖരം പൊട്ടിവീഴുകയായിരുന്നു. ബഹളത്തിനിടെ ആന ഭയപ്പെട്ടോടിയെങ്കിലും ഉടൻ തളയ്ക്കാനായി. വൈദ്യുതി ലൈനിന് മുകളിലേക്കാണ് മരം പൊട്ടിവീണത്. ഉടൻ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇരുട്ടായതിനാൽ ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം ചെറിയ രീതിയിൽ തടസപ്പെട്ടു.

Mathrubhumi Malayalam News
ശിഖരം പൊട്ടിവീണ ആൽമരത്തിന്റെ ഭാഗം

സംഭവസ്ഥലത്ത് പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ജില്ലാ കളക്ടറും പോലീസ് മേധാവിയും സ്ഥലത്തെത്തി. ആൾക്കൂട്ടം കുറവായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് നടക്കാനാരിക്കുന്ന മറ്റ് ചടങ്ങുകൾ നടത്തിയേക്കില്ല. വെടിക്കെട്ട് നടത്തുന്നതിൽ നിന്ന് തിരുവമ്പാടി പിന്മാറി. കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. വെടിക്കോപ്പുകൾ നിർവീര്യമാക്കാനുള്ള ചർച്ചകൾ നടക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: