കോഴിക്കോട് നിലയത്തിൽ നിന്നുള്ള പരിപാടികൾ റിലേ ചെയ്യണം : കാഞ്ചീരവം

കണ്ണൂർ: ഈ കോവിഡ് കാലത്ത് ആകാശവാണിയുടെ കണ്ണൂർ എഫ്.എം നിലയത്തിൽ നിന്നുള്ള രണ്ട് പ്രധാന ട്രാൻസ്മിഷനുകൾ ഉപേക്ഷിച്ച് തിരുവനന്തപുരം റിലേ കൊടുക്കുന്നത് ചർച്ചയാകുന്നു.കേരളത്തിൽ കോവിഡിന്റെ മറവിൽ രാവിലെ മുതൽ റിലേ കൊടുത്തുകൊണ്ടിരിക്കുന്ന ഏകനിലയമാണിത്.കോവിഡ് സംബന്ധിച്ച വിവരങ്ങൾ പരിമിതികൾക്കകത്തുനിന്ന് ശ്രോതാക്കൾക്ക് നൽകുന്നതിനും ബോധവത്കരണ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നതിനും മറ്റ് നിലയങ്ങൾ പരിശ്രമിക്കുമ്പോൾ കണ്ണൂരിൽ നിലയവുമായി ശ്രോതാക്കൾക്ക് ബന്ധപ്പെടാവുന്ന എല്ലാ മാർഗ്ഗങ്ങളും അടച്ചിട്ടിരിക്കുന്നതിൽ ശക്തമായ പ്രതിഷേധമാണുയരുന്നത്. ആകാശവാണിയുടെ കണ്ണൂർ നിലയത്തിൽ പരിപാടികളുടെ നിർമ്മാണവും പ്രക്ഷേപണവും മുടങ്ങിയതിനെത്തുടർന്ന് തിരുവനന്തപുരത്ത് നിന്നുള്ള പരിപാടികളുടെ റിലേയാണ് നിലവിൽ നൽകിവരുന്നത്.എന്നാൽ ക്രമേണ കണ്ണൂർ നിലയത്തെ പൂർണ്ണമായും ഒരു റിലേ കേന്ദ്രമാക്കി മാറ്റുന്നതിനുവേണ്ടിയുള്ള റിഹേഴ്സലാണ് ഇതെന്നാണ് ശ്രോതാക്കൾ പറയുന്നത്‌.മലബാറിലെ ശ്രോതാക്കൾക്ക് തിരുവനന്തപുരം പരിപാടികൾ കേട്ടതുകൊണ്ട് പ്രയോജനമില്ലെന്നറിഞ്ഞിട്ടും ഈ നിലയിൽ പ്രക്ഷേപണം തുടരുന്നത് പ്രോഗ്രാം മേധാവിയുടെ വ്യക്തിതാത്പര്യം മാത്രമാണെന്നാണ് ശ്രോതാക്കളുടെ പരാതി.ഇത് അന്വേഷിക്കാൻ വിളിച്ചവരോട് പ്രോഗ്രാം മേധാവി തട്ടിക്കയറിയതായും പരാതിയുണ്ട്.കോഴിക്കോട് നിലയത്തിൽ നിന്നുള്ള പരിപാടികൾ റിലേ ചെയ്തെങ്കിലും പ്രശ്നപരിഹാരത്തിന് ശ്രമിച്ചില്ലെങ്കിൽ പൊതുസമൂഹം ഈ വിഷയമേറ്റെടുക്കേണ്ടിവരുമെന്നാണ് ആകാശവാണി ശ്രോതാക്കളുടെ കലാ സാംസ്കാരിക സംഘടനയായ കാഞ്ചീരവം കലാവേദി കണ്ണൂർ ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ പറയുന്നത്‌.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: