ഒരു വർഷത്തേക്ക് ബസ്സുകൾ സർവീസ് നടത്തില്ലെന്ന് ബസ്സുടമകൾ

തിരുവനന്തപുരം :ലോക്ക്ഡൗൺ കഴിഞ്ഞാലും സംസ്ഥാനത്തെ സ്വകാര്യ ബസുകളിലെ ഭൂരിഭാഗവും സർവ്വീസ് നടത്തില്ല. ഏഴായിരത്തിലധികം ബസുകൾ ഒരു വർഷത്തേക്ക് സർവ്വീസ് നിർത്തിവെക്കുകയാണെന്ന് കാണിച്ച് മോട്ടോർ വാഹന വകുപ്പിന് കത്തുനൽകി. ടാക്സ്, ഇൻഷൂറൻസ്, ക്ഷേമനിധി എന്നിവയിൽ ഇളവു ലഭിക്കുന്നതിനാണ് സർവ്വീസുകൾ നിർത്തിവെക്കുന്നത്.

3 മാസം കൂടുമ്പോൾ 29910 രൂപ ടാക്സ്, 5000 രൂപ തൊഴിലാളി ക്ഷേമനിധി എന്നിവ അടക്കണം. വർഷത്തിൽ എൺപതിനായിരം മുതൽ ഒരു ലക്ഷം വരെ ബസുകളുടെ വിലക്ക് ആനുപാതികമായി ഇൻഷൂറൻസ് അടക്കണം. 60 ദിവസം സർവ്വീസ് നടത്തിയിട്ടില്ലെങ്കിൽ എല്ലാത്തിനും ഇളവ് ലഭിക്കും. ഇത് മുന്നിൽ കണ്ടാണ് ദീർഘകാലത്തേക്ക് ബസുകൾ സർവ്വീസ് നിർത്തിവെക്കുന്നത്. സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ എണ്ണത്തിലും കുറവ് വരുത്തേണ്ടി വരും.

സംസ്ഥാന സർക്കാർ ഒരു മാസത്തെ ടാക്സ് ഇളവ് നൽകിയിട്ടുണ്ട്. ലോക്ക്ഡൗൺ കാലത്തെ എല്ലാ ബാധ്യതകളും ഒഴിവാക്കി നൽകിയാൽ സർവ്വീസ് നടത്താൻ തയ്യാറാണെന്നും ബസുടമകൾ പറയുന്നു. 2021 മാർച്ച് 31 വരെ സർവ്വീസുകൾ നിർത്തിവെക്കുമെന്ന തീരുമാനം സർക്കാറിനെ സമ്മർദ്ദത്തിലാക്കുക കൂടിയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: