ജില്ലയിൽ ഹോം ക്വാറന്റൈന്‍ ഉറപ്പുവരുത്താന്‍ പ്രത്യേക സ്‌ക്വാഡ്

നിലവില്‍ കൊറോണ ബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ വീടുകളില്‍ ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ അര്‍ഥത്തില്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ മൂന്നംഗ സ്‌ക്വാഡിനെ ചുമതലപ്പെടുത്താന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗം തീരുമാനിച്ചു. ആരോഗ്യ പ്രവര്‍ത്തകന്‍, പോലിസ്-തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സ്‌ക്വാഡിന് ഓരോ വീടിന്റെയും ചുമതല നല്‍കും. ക്വാറന്റൈനിലുള്ളവര്‍ വീടിനു വെളിയില്‍ ഇറങ്ങുന്നില്ലെന്നും വീടിനകത്ത് മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നില്ലെന്നും സ്‌ക്വാഡുകള്‍ ഉറപ്പുവരുത്തും. അതേസമയം, കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങളാണെങ്കില്‍ പോസിറ്റീവ് കേസുകളുമായി സമ്പര്‍ക്കമുണ്ടായ വ്യക്തിയെ വീട്ടില്‍ താമസിപ്പിക്കുന്നതിന് പകരം കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലയില്‍ വിദേശത്തുനിന്നെത്തിയവരെയും കൊറോണ ബാധിതരുമായി സമ്പര്‍ക്കമുണ്ടായവരെയും സ്രവ പരിശോധനയ്ക്ക് വിധേയമാക്കുന്ന നടപടി ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. അടുത്ത ഘട്ടത്തില്‍ ജില്ലയില്‍ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിന് വ്യാപന സാധ്യതയുള്ള വിഭാഗങ്ങളില്‍ പെട്ടവരെ സ്രവപരിശോധനയ്ക്ക് വിധേയമാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, പോലിസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍ തുടങ്ങി, ജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയ വിഭാഗങ്ങളിലാണ് റാന്റം ടെസ്റ്റ് നടത്തുക.
ജില്ലയില്‍ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ സുമ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, എസ് പി യതീഷ് ചന്ദ്ര, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, എഡിഎം ഇ പി മേഴ്‌സി, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ഡിഎംഒ ഡോ. നാരായണ നായിക് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: