കേരളത്തിന്റെ സാമ്പത്തികാടിത്തറ കേന്ദ്രം തകർക്കുന്നു: എ വിജയരാഘവൻ

പേരാവൂർ:സംസ്ഥാനങ്ങളുടെ സാമ്പത്തികാടിത്തറ തകർക്കുന്ന നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവൻ. സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായി ‘കേരളത്തോടുള്ള കേന്ദ്ര അവഗണന’ സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനവുമെന്ന കാഴ്ചപ്പാടിന് വിരുദ്ധമായാണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നത്. സംസ്ഥാനങ്ങളുടെ ഭരണഘടനാവകാശങ്ങൾ നിഷേധിക്കുന്നു.
സംസ്ഥാന താൽപ്പര്യങ്ങൾക്കെതിരായി ഗവർണർമാർ ഇടപെടുന്നു. ഗവർണർപദവി ദുരുപയോഗം ചെയ്യുന്ന രീതി കോൺഗ്രസിനെപ്പോലെ ബിജെപിയും തുടരുകയാണ്.
സംസ്ഥാനത്തിനുള്ള വിഹിതം വർധിപ്പിക്കാതെ കേന്ദ്രം നികുതികൾ ഏറ്റെടുക്കുകയാണ്. പ്രധാനപ്പെട്ട നികുതി വരുമാനങ്ങളെല്ലാം കേന്ദ്രസർക്കാർ കൈയടക്കി. ജിഎസ്ടി കൊണ്ടുവന്ന് സംസ്ഥാനത്തിന് സ്വന്തമായി നികുതിചുമത്താനുള്ള അവകാശം ഇല്ലാതാക്കി. കേന്ദ്രാവിഷ്കൃത പദ്ധതിയിൽ സംസ്ഥാനത്തിന് കിട്ടേണ്ട തുക ലഭിക്കുന്നില്ല. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനമുള്ള കേരളത്തിന് എയിംസ് അനുവദിക്കാത്തത് കടുത്ത അവഗണനയുടെ ഉദാഹരണമാണ്. വിദ്യാഭ്യാസമേഖലയിൽ ഒന്നാമതായ കേരളത്തിന് കൂടുതൽ ഐഐടി അനുവദിക്കുന്നില്ല. കേരളം എല്ലാ മേഖലയിലും മികവുണ്ടാക്കുമ്പോൾ ദുർബലപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.