കൂട്ടുപുഴ പാലം അടച്ചു; അതിർത്തികടന്നെത്തുന്ന മലയാളികൾക്ക് കർശന നിർദ്ദേശങ്ങളോടെ പ്രവേശനം

ഇരിട്ടി : കേരളാ – കർണ്ണാടക അതിർത്തിയിലെ കൂട്ടുപുഴ പാലം അടച്ചു. അതിർത്തികടന്നെത്തുന്ന മലയാളികൾക്ക് കർശന നിർദ്ദേശങ്ങളോടെ പ്രവേശനാനുമതി നൽകി.
ചൊവ്വാഴ്ച രാവിലെയോടെ ബംഗളൂരു അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ നിന്നും എൺപതോളം വാഹനങ്ങളിലായി വിദ്യാർത്ഥികൾ ഉൾപ്പെടെ ഒരുപാട് പേരാണ് അതിർത്തിയിൽ എത്തിയത്. പെരുമ്പാടിയിലും തുടർന്ന് മാക്കൂട്ടം ചെക്ക് പോസ്റ്റുകളിലും ഇവരെ കർണ്ണാടക അധികൃതർ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. മാക്കൂട്ടം ചെക്ക് പോസ്റ്റിൽ പലരും വാഹനം ഉപേക്ഷിച്ച് കൂട്ടുപുഴ പാലംവരെ നടന്നെത്തുകയായിരുന്നു. ഇവരെ കൂട്ടുപുഴ പാലത്തിനു അക്കരെയും മണിക്കൂറുകളോളം തടഞ്ഞുവെക്കുകയായിരുന്നു . ഒടുവിൽ ജില്ലാ ഭരണകൂടം ഇടപെട്ടതിനെത്തുടർന്ന് കർശന നിർദ്ദേശങ്ങളോടെ ഇവരെ വിട്ടയച്ചു. എല്ലാവരും മലയാളികളും ഇവിടുത്തെ താമസക്കാരും ആണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് വിട്ടയച്ചത്. മുഴുവൻ പേരുടെയും അഡ്രസ്സുകൾ ശേഖരിക്കുകയും ഓരോ പ്രദേശത്തു പോകുന്നവരുടെയും അഡ്രസ്സ് അതാത് പ്രദേശത്തെ പഞ്ചായത്തു സിക്രട്ടറിമാരെ അറിയിക്കുകയും ചെയ്തു. അതാത് പോലീസ് സ്റ്റേഷനുകളിലേക്കും വിവരങ്ങൾ കൈമാറി. ഇവർ അതാത് പ്രദേശത്ത് നിരീക്ഷണത്തിൽ കഴിയുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ വേണ്ടി നിർദ്ദേശിക്കുകയും ചെയ്ത ശേഷമായിരുന്നു വിട്ടയക്കൽ. ഇന്നലെ എത്തിയ വാഹനങ്ങൾ കടത്തി വിട്ടെങ്കിലും അടുത്ത ദിവസങ്ങളിൽ ഇവ പൂർണ്ണമായും തടയുമെന്നാണ് അധികൃതർ പറയുന്നത്.
അതേസമയം പച്ചക്കറി ഉൾപ്പെടെയുള്ള ചരക്ക് വാഹനങ്ങൾ രാവിലെ കർണ്ണാടകത്തിൽ നിന്നും ഇരിട്ടി മേഖലയിൽ എത്തിയിരുന്നു. അവശ്യ സാധനങ്ങൾ എന്ന നിലയിൽ പെരുമ്പാടി , മാക്കൂട്ടം ചെക്ക് പോസ്റ്റുകളിൽ വ്യക്തമായി പരിശോധിച്ച ശേഷം ഇവയെ കടത്തി വിടാനാണ് തീരുമാനം എന്നാണ് അറിയുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: