അഴുക്കിൽ നിന്ന് അഴകിലേക്ക്’: സി ഡബ്ല്യൂ ആർ ഡി എം സംഘം അഞ്ചരക്കണ്ടി പുഴ സന്ദർശിച്ചു

ജില്ലാ പഞ്ചായത്തിന്റെ ‘അഴുക്കിൽ നിന്ന് അഴകിലേക്ക്’ പദ്ധതിയുടെ ഭാഗമായി അഞ്ചരക്കണ്ടിപ്പുഴ സംരക്ഷണത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങളുടെ വിശദമായ പദ്ധതി രേഖ (ഡി പി ആർ ) തയ്യാറാക്കാൻ നടപടികൾ തുടങ്ങി. ഡി പി ആർ തയ്യാറാക്കാൻ ചുമതലയുള്ള സി ഡബ്ല്യു ആർ ഡി എം ശാസ്ത്രജ്ഞരായ ഡോ. എം തേൻമൊഴി, ബി വിവേക് എന്നിവരാണ് പുഴ സന്ദർശിച്ചത്.
മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ പാർക്കിന്റെ ബോട്ട് ജെട്ടിയിൽ നിന്ന് മമ്പറം പാലം വരെ സംഘം സഞ്ചരിച്ചു. അഞ്ചരക്കണ്ടി പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും സഹായത്തോടെ ജില്ലാ പഞ്ചായത്ത് സമഗ്ര പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി രേഖ തയ്യാറാക്കുക. നാല് വർഷത്തെ സമഗ്രപഠന-സർവേകളുടെ അടിസ്ഥാനത്തിലാണ് പുഴ കടന്നു പോകുന്ന പ്രദേശങ്ങളുടെ മാപ്പ് ഉൾപ്പെടെ വിശദമായ റിപ്പോർട്ട് തയ്യാറാക്കിയത്. നഗര സഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി 5.75 കോടി ചെലവഴിച്ചാണ് ആദ്യഘട്ട പ്രവർത്തനം നടത്തുക. പുഴ കടന്നു പോകുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ പ്രതിനിധികളുടെ യോഗം വരും ദിവസങ്ങളിൽ ചേർന്ന് പുഴ സംരക്ഷണം ചർച്ച ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുരേഷ് ബാബു, യു പി ശോഭ, അംഗങ്ങളായ കെ വി ബിജു, ചന്ദ്രൻ കല്ലാട്ട്, കോങ്കി രവീന്ദ്രൻ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ അബ്ദുൾ സമദ്, വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.