ഉദ്ഘാടനത്തിനൊരുങ്ങി മമ്പറം പാലം; 26ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

കണ്ണൂർ:കാത്തിരിപ്പിനൊടുവില്‍ മമ്പറം പാലം യാഥാര്‍ഥ്യമാകുന്നു. ഫെബ്രുവരി 26 വെള്ളിയാഴ്ച രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കും. പൊതുമരാമത്ത് രജിസ്്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷനാകും.
കണ്ണൂര്‍- കൂത്തുപറമ്പ് റോഡില്‍ അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെയാണ് മമ്പറം പാലം നിര്‍മ്മിച്ചിരിക്കുന്നത്. ധര്‍മ്മടം മണ്ഡലത്തിലെ പെരളശ്ശേരി, വേങ്ങാട്  പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായിരുന്ന പഴയ മമ്പറം പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിര്‍മ്മിച്ചിരിക്കുന്നത്. 50 വര്‍ഷത്തിലധികം പഴക്കമുണ്ട് മമ്പറം പഴയ പാലത്തിന്. 10 വര്‍ഷം മുമ്പുതന്നെ സ്ലാബിനു കേടുപാടുകള്‍ വന്നതിനെ തുടര്‍ന്ന്  അറ്റകുറ്റപ്പണികള്‍ നടത്തി. പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ ഏഴ് വര്‍ഷം മുമ്പ് പൂര്‍ത്തിയാക്കിയിരുന്നെങ്കിലും അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് പണി ആരംഭിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് 2018ലാണ് അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. ഉള്‍നാടന്‍ ജലപാത വികസനത്തിന്റെ ഭാഗമായി മമ്പറം പുഴയിലൂടെ ജലഗതാഗതം ഉണ്ടാകുമെന്ന നിര്‍ദ്ദേശത്തില്‍ ആദ്യമുള്ള പാലത്തിന്റെ സ്‌കെച്ച് മാറ്റി പുതിയ ഡിസൈന്‍ കിട്ടുന്നത് വൈകിയതും പ്രളയവും കൊവിഡ് ലോക്ഡൗണുമെല്ലാം പാലത്തിന്റെ നിര്‍മ്മാണം വീണ്ടും വൈകിപ്പിച്ചു.
പാലത്തിനായി നബാര്‍ഡ് ആര്‍ഐഡിഎഫ് 22 സ്‌കീമില്‍ ഉള്‍പ്പെടുത്തി 13.4 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. ജലഗതാഗത്തിന് കൂടി ഉതകുന്ന രീതിയില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന പാലം നിലവിലുള്ള പാലത്തില്‍ നിന്നും മൂന്ന് മീറ്റര്‍ മാറിയാണുള്ളത്. ആറ് മീറ്റര്‍ ഉയരത്തില്‍ പുഴയില്‍ പ്രധാന മൂന്ന് തൂണുകളടക്കം 31 തൂണുകളാണുള്ളത്. ആകെ 287 മീറ്റര്‍ നീളമുള്ള പാലത്തിന് കണ്ണൂര്‍ ഭാഗത്തേക്ക് 11 മീറ്റര്‍ വീതിയിലും കൂത്തുപറമ്പ് ഭാഗത്തേക്ക് 12 മീറ്റര്‍ വീതിയിലുമുള്ള നടപ്പാതയുണ്ട്. ഇരുഭാഗങ്ങളിലും കൈവരിയും നിര്‍മ്മിച്ചിട്ടുണ്ട്. പാലത്തിന്റെ നിര്‍മ്മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: