കണ്ണൂര്‍ ഗവ-മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ട്രോമ ബ്ലോക്ക് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു

കണ്ണൂര്‍: ഗവ. മെഡിക്കല്‍ കോളേജിനായി അത്യാധുനിക ട്രോമ കെയര്‍ നിര്‍മ്മിക്കുന്നതിന്റെ ആദ്യഘട്ട പ്രവൃത്തി ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.

സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും പൂര്‍മായ പ്രവര്‍ത്തനങ്ങള്‍ ക്രമാനുഗതമായി മാത്രമേ നടത്താന്‍ കഴിയൂ എന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഏറ്റടുത്ത ഉടനെ മെഡിക്കല്‍ കോളേജിന്റെ സാമ്ബത്തിക ബാധ്യതകള്‍ തീര്‍ക്കുകയാണ് ചെയ്തത്.

മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 300 കോടിയിലധികം രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്. ഭരണത്തുടര്‍ച്ച ലഭിക്കുന്ന പക്ഷം അത് പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കൊവിഡ് കാലത്ത് മികച്ച പ്രതിരോധം തീര്‍ത്ത
ആശുപത്രി പ്രവര്‍ത്തകരെ മന്ത്രി അഭിനന്ദിച്ചു.ആശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികളും മന്ത്രി ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ട്രോമ ബ്ലോക്ക് പണിയുന്നതിന് കിഫ്ബി 51കോടി 30 ലക്ഷം രൂപയുടെ അനുമതിയാണ് നല്‍കിയത്. അഞ്ചു നിലകളിലായി 2.5 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള കെട്ടിടമാണ് ട്രോമ ബ്ലോക്കിനായി പണിയുന്നത്. വാപ്‌കോസിനാണ് നിര്‍മ്മാണ ചുമതല.

നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതോടെ അപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് ഇവിടെ നിന്നും ഏറ്റവും മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കാന്‍ സാധിക്കും.29 കോടി രൂപ ചെലവില്‍ ആശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങളും നടപ്പാക്കും.

ചടങ്ങിന്റെ അധ്യക്ഷനായ ടി വി രാജേഷ് എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ സുധീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി സുലജ, ഡി പി എം അനില്‍കുമാര്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ എം കുര്യാക്കോസ്, ട്രോമ ബ്ലോക്ക് നോഡല്‍ ഓഫീസര്‍ ഡോ. വിമല്‍ മോഹന്‍, വിവിധ ജനപ്രതിനിധികള്‍, മെഡിക്കല്‍ കോളേജ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: