ശബരിമല; സിഎഎ കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം


തിരുവനന്തപുരം: ശബരിമല, സിഎഎ കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കേസുകള്‍ പിന്‍വലിക്കുന്നത്.

ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകളാണ് പിൻവലിക്കുന്നത്. കേസുകള്‍ പിന്‍വലിക്കണമെന്ന് നേരത്തെ പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും മുസ്‌ലിംലീഗും സാമുദായിക സംഘടനകളും ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയില്‍, തെരഞ്ഞെടുപ്പ് മുമ്പില്ക്കണ്ട് കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടു വന്ന വിഷയമായിരുന്നു ശബരിമല. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ കേസുകള്‍ പിന്‍വലിക്കുന്നതോട പ്രതിപക്ഷ പ്രചാരണത്തിന്റെ മുനയൊടിക്കാമെന്ന് സര്‍ക്കാര്‍ കണക്കു കൂട്ടുന്നു.

ഈയിടെ തമിഴ്‌നാട് സര്‍ക്കാര്‍ സിഎഎ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്‍ പ്രതിഷേധമാണ് കേരളത്തിലുണ്ടായിരുന്നത്.

സിഎഎയിൽ 529 കേസുകൾ

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിൽ സമരം ചെയ്തതിന് 529 കേസുകൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മാത്രം സമരം ചെയ്തവർക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. മുസ്‌ലിം മത സംഘടനകൾക്കെതിരെയാണ് ബഹുഭൂരിപക്ഷം കേസുകളുമെടുത്തിരിക്കുന്നത്. സിഎഎ, എൻആർസി വിരുദ്ധ സമരം ശക്തമായ സമയത്ത് സർക്കാർ കള്ളക്കേസെടുക്കുന്നുവെന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു. 2020 ജനുവരി 1 മുതൽ മാർച്ച് 23 വരെ 519 കേസ്സുകളെടുത്തുവെന്നാണ് വിവരാവകാശ രേഖ. ദേശീയ മനുഷ്യവകാശ ഏകോപന സമിതി കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നാണ് കണക്കുകളെടുത്തത്.

ശബരിമലയിൽ ആയിരക്കണക്കിന് കേസ്

ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട 2018ലെ സുപ്രിം കോടതി വിധിക്ക് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളിൽ അമ്പതിനായിരത്തോളം പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. കേസുകൾ പിൻവലിക്കണമെന്ന് നായർ സർവീസ് സൊസൈറ്റി അടക്കമുള്ള നിരവധി സാമൂഹിക സംഘടനകൾ പലതവണ ആവശ്യപ്പെട്ടിരുന്നു.
ഹർത്താൽ, വഴി തടയൻ, സംഘർഷം, കലാപമുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസ് ചുമത്തിയിരുന്നത്.

വൈകിവന്ന വിവേകമെന്ന് ചെന്നിത്തല

സർക്കാറിന്റേത് വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. പ്രതിപക്ഷം പറയുന്നതാണ് സർക്കാർ ഇപ്പോൾ ചെയ്യുന്നത്. കേസുകൾ പിൻവലിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു- ചെന്നിത്തല പറഞ്ഞു. തീരുമാനത്തെ എൻഎസ്എസ് സ്വാഗതം ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: