മാക്കൂട്ടം ചുരം വഴി കർണാകത്തിലേക്ക് കടക്കാൻ ഇന്നുമുതൽ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധം

ഇരിട്ടി: മാക്കൂട്ടം ചുരം വഴി കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിനു കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ചുരം പാത അടച്ച് പരിശോധന ശക്തമാക്കിയ കർണ്ണാടക ആരോഗ്യ വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. രണ്ടാം ദിവസവും മാക്കൂട്ടം അതിർത്തിയിൽ എത്തി കുടുങ്ങിയ യാത്രക്കാരും കർണ്ണാടക അധികൃതരുമായി തർക്കവും ബഹളവും തുടർന്ന്. ചൊവ്വാഴ്ച്ച മുതൽ ആർ ടി പി സി ആർ സർട്ടിഫിക്കറ്റ നിർബന്ധമാക്കിയിരുന്നെങ്കിലും പ്രതിഷേധം കനത്തതോടെ ബുധനാഴ്ച്ചത്തേക്ക് മാറ്റി. ബംഗളൂരുവിലും മൈസൂരുവിലും പഠിക്കുന്ന നിരവധി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരും തൊഴിലാളികളുമാണ് ഈ തീരുമാനം മൂലം ദുരിതത്തിലായത് . കുടക് ജില്ലയിലെ രണ്ട് ലക്ഷത്തി ലധികം മലയാളികളുണ്ട് . ഇതിൽ ഏറിയ പങ്കും ദിനം പ്രതിയെന്നോണം വന്ന് പോകുന്നവരാണ്. കേരളത്തിലേക്ക് വരുന്ന നൂറുകണക്കിന് ചരക്ക് വാഹന തൊഴിലാളികൾക്കും വൻ ദുരിതമാണ് ഉണ്ടാക്കുന്നത്. കേരളത്തിൽ കോവിഡ് വ്യാപനം എന്ന പേരു പറഞ്ഞാണ് കർണ്ണാടക അതിർ്ത്തികളിൽ പരിശോധന ശക്തമാക്കിയത്.
ആർ ടി പി സി ആർ പരിശോധന ഫലം ലഭിക്കാൻ മൂന്ന് ദിവസംവരെ വേണമെന്നതിനാൽ അത്യാവശ്യ യാത്ര മുടങ്ങാതിരിക്കാനാണ് ചൊവ്വാഴ്ച്ചയും ആന്റിജൻ പരിശോധന സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ഇളവ് നൽകിയതെന്ന് കർണാകട ആരോഗ്യവകുപ്പ് സംഘം അറിയിച്ചു. ബുധനാഴ്ച്ച മുതൽ ആർ ടി പി സി ആർ ഫലം ഇല്ലാതെ ആരേയും കടത്തി വിടില്ലെന്നും ഇവർ പറഞ്ഞു. കയ്യിൽ ആർ ടി പി സി ആർ ഫലം നെഗറ്റിവുള്ളവർക്ക് ഇതുമായി 14 ദിവസം വരെ യാത്ര ചെയ്യാനാകും.
അതിർത്തിയിൽ പരിശോധന ശക്തമാക്കിയതോടെ കർണാടകത്തിലേക്കുള്ള പൊതു ഗതാഗതം പൂർണമായി നിലച്ചു. ഇരു സംസ്ഥാനങ്ങളുടെയും ആർ ടി സി ബസുകളും സ്വകാര്യ ബസുകളും ചൊവ്വാഴ്ച്ച സർവീസ് നടത്തിയില്ല. മാക്കൂട്ടം ചെക്ക് പോസ്റ്റിനപ്പുറം കേരള അതിർത്തിയോട് ചേർന്ന് താമസിക്കുന്ന മലയാളി കുടുംബങ്ങളും ദുരിതത്തിലായി. കാലിത്തീറ്റ ഇറക്കാൻ വന്ന വാഹനവും പാചക വിതരണ വാഹനവും തടഞ്ഞതിനെ തുടർന്ന് താമസക്കാർ തലച്ചുമടായാണ് കൊണ്ടു പോയത്. താമസക്കാരുടെ കാര്യത്തിൽ ഇളവുകൾ നൽകണമെന്നാവശ്യം ശക്തമാവുകയാണ്.
കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് ടാക്‌സി വാഹനങ്ങളിൽ വരുന്ന വരും ദുരിതത്തിലാണ്. ഇവരെ കേരളത്തിലേക്ക് കൊണ്ടുവരുന്ന വാഹന ജീവനക്കാർക്കും മടങ്ങുമ്പോൾ ചെക്ക് പോസ്റ്റ് കടന്നുപോകണമെങ്കിൽ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനകാരണം യാത്രക്കാരെ മാക്കൂട്ടം ചെക്ക് പോസ്റ്റിനപ്പുറം ഇറക്കി വിടുക യാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഇത്തരം നിരവധി മലയാളി യാത്രക്കാർ കുട്ടികളേയും കൊണ്ട് ബാഗുകളും ചുമന്ന് കിലോമീറ്റോളം നടക്കേണ്ടി വരുന്നു . ഇവർ ചെക്ക് പോസ്റ്റിനിപ്പുറം കേരളാതിർത്തി വരെ കൊണ്ടു വിടാൻ അനുവദിക്കണമെന്നും ആവശ്യം ഉയർന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല. അതിർത്തിയിൽ മലയാളികൾ ദുരിതം നേരിടുന്നതായ മാധ്യമ വാർത്തകളെ തുടർന്ന് ഇരിട്ടി തഹസിൽദാർ ജോസ്. കെ. ഈപ്പനും ഇരിട്ടി എസ്ഐ പി.പി. മോഹനനും സ്ഥലത്തെത്തി വിവരങ്ങൾ ആരാഞ്ഞു. സ്‌പെഷൽ ബ്രാഞ്ചും സ്ഥലത്ത് എത്തിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: