കൊട്ടിയൂരിൽ മാവോയിസ്റ്റ് സംഘമെത്തി വീടുകളിൽ നിന്നും ഭക്ഷണം ശേഖരിച്ച് മടങ്ങി

കൊട്ടിയൂർ: ഒരിടവേളക്ക് ശേഷം കൊട്ടിയൂർ പാൽച്ചുരത്ത് വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. സംഘത്തിൽ ഒരു സ്ത്രീയും, കൈയ്യില്ലാത്ത ഒരാളും, മറ്റൊരു പുരുഷനുമുൾപ്പെടെ മൂന്നോളം പേരാണ് ഉണ്ടായിരുന്നത്. ഞായറാഴ്ചയും, തിങ്കളാഴ്ചയും രാത്രി 8 മണിയോട് കൂടിയാണ് മൂന്നംഗ സംഘം പാൽച്ചുരത്തെത്തിയത്. ഞായറാഴ്ച താഴെ പാൽച്ചുരം മേലെ കോളനിയിലെ ചന്ദ്രൻ, സീത എന്നിവരുടെ വീടുകളിൽ നിന്നും ഭക്ഷണംശേഖരിച്ച് മടങ്ങുകയായിരുന്നു.
തിങ്കളാഴ്ച ഓളാട്ടുപുറം ഷാജിയുടെ വീട്ടിൽ സംഘത്തിൽ പെട്ട ഒരാൾ എത്തി തങ്ങളുടെ നേതാവ് പരിസരത്തുണ്ടെന്നും സംസാരിക്കുവാൻ താത്പര്യം ഉണ്ടോ എന്ന് ചോദിക്കുകയും ഇല്ല എന്ന് പറഞ്ഞതിനെ തുടർന്ന് മടങ്ങി പോവുകയുമായിരുന്നു.
കഴിഞ്ഞ ദിവസമാണ് പാൽച്ചുരത്ത് സായുധ പ്രകടനം നടത്തിയ കേസിൽ മാവോയിസ്റ്റായ സൂര്യ എന്നയാളെ പാൽച്ചുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.