തലശ്ശേരി ജൂവലറിയിലെ കവർച്ചയ്ക്കുപിന്നിൽ ഉടുമ്പുജോൺ

തലശ്ശേരി:നഗരത്തിലെ ഒരു കടയിൽ ഈയിടെ നടന്ന കവർച്ചയ്ക്കുപിന്നിൽ അന്തസ്സംസ്ഥാന മോഷ്ടാവായ ഉടുമ്പുജോണും കൂട്ടരുമെന്ന നിഗമനത്തിൽ പോലീസ്. ഇയാൾക്കായുള്ള അന്വേഷണം ശക്തമാക്കി. ജനുവരി 31-ന് വാധ്യാർപീടികയിലെ ജൂവലറിയിൽനിന്ന് വെള്ളിയാഭരണങ്ങൾ മോഷണംപോയിരുന്നു. വിരലടയാളവിദഗ്ധർ ഇവിടെ നടത്തിയ പരിശോധനയിലാണ് ജോണിന്റെ സാന്നിധ്യത്തെക്കുറിച്ച് മനസ്സിലായത്. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് ഉടുമ്പുജോണാണെന്ന് സ്ഥിരീകരിച്ചു. പിന്നീട് ഒട്ടേറെ കടകളിൽ മോഷണം നടന്നിരുന്നെങ്കിലും ഇയാളുടെ സാന്നിധ്യമുള്ളതായി കണ്ടില്ല. കേരളത്തിലെയും തമിഴ്നാട്ടിലെയും ഒട്ടേറെ കവർച്ചക്കേസുകളിൽ പ്രതിയാണ് ഉടുമ്പുജോൺ. മാഹിയിലെ ബാറുകളിൽ ഇയാൾ എത്താറുണ്ടെന്ന് പോലീസിന് സൂചനയുണ്ട്. പാലക്കാട്ടും തൃശ്ശൂരും ഒട്ടേറെ കേസുകളിൽ പ്രതിയായ ജോൺ ജയിൽശിക്ഷയനുഭവിക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട് സ്വദേശിയായ ജോണും സംഘവും കുറച്ചുകാലമായി സജീവമല്ലായിരുന്നു. അന്വേഷണം അടുത്തദിവസങ്ങളിൽ വ്യാപിപ്പിക്കും.

കാറിലെ കവർച്ച കൃത്യമായി നിരീക്ഷണത്തിലൂടെ ശനിയാഴ്ച തലശ്ശേരി നഗരത്തിലെ പാലിശ്ശേരിയിൽ നിർത്തിയിട്ട കാറിന്റെ ചില്ലുതകർത്ത് 22 ലക്ഷം രൂപ കവർന്ന കേസിൽ അന്വേഷണം പുരോഗമിക്കുന്നു. കാറിലുണ്ടായിരുന്നവരുടെ നീക്കങ്ങൾ കൃത്യമായി പിന്തുടർന്നവരായിരിക്കാം പണം കവർന്നതെന്നാണ് പോലീസിന്റെ നിഗമനം. സമീപത്തെ സി.സി.ടി.വി.യിൽനിന്ന് മോഷ്ടാക്കളുടെതെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ ലഭിച്ചു. ഇതിൽനിന്ന് മോഷ്ടാക്കളെന്ന് കരുതുന്നവർ കവർച്ചയ്ക്കുശേഷം തലശ്ശേരി ഭാഗത്തേക്ക് പോയതായാണ് മനസ്സിലാക്കുന്നത്. ഇത് പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. വ്യക്തത കുറവുള്ളതിനാൽ കൂടുതൽ സി.സി.ടി.വി. ദൃശ്യങ്ങളും തേടുന്നുണ്ട്.

സംഘത്തിൽ ഒന്നിൽക്കൂടുതലാളുകൾ ഉണ്ടാകാമെന്നാണ് നിഗമനം. സദാ തിരക്കേറിയ ദേശീയപാതയ്ക്കരികിൽ പകൽ മൂന്നുമണിയോടെയായിരുന്നു സംഭവം. തൂണേരി സ്വദേശികളായ അർഷാദും ഫസലും കാർ നിർത്തി തൊട്ടടുത്തുള്ള ഹോട്ടലിൽ ഭക്ഷണംകഴിച്ച് തിരിച്ചുവന്നപ്പോഴാണ് കവർച്ചനടന്നതറിഞ്ഞത്. ഭക്ഷണംകഴിച്ച് മടങ്ങിയെത്തുന്ന അത്രയുംകുറഞ്ഞ സമയത്തിനകമായിരുന്നു മോഷണം. കാറിന്റെ ചില്ലുതകർത്ത് സീറ്റിനടിയിലെ പണമെടുക്കണമെങ്കിൽ പണം സൂക്ഷിച്ചതടക്കമുള്ള വിവരം മുൻകൂട്ടി അറിഞ്ഞിരിക്കാം. ആ നിലയിലാണ് അന്വേഷണം നീങ്ങുന്നത്. ആറുമാസംമുമ്പ് തിരക്കേറിയ നഗരത്തിലെ ഗുഡ്സ്ഷെഡ് റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിനകത്ത് സൂക്ഷിച്ച 11.50 ലക്ഷം രൂപ കവർന്നിരുന്നു. നഗരസഭാ കൗൺസിലറും വ്യാപാരിയുമായ എ.കെ.സക്കരിയയുടെ പണമാണ് കവർന്നത്. ആറുമാസമായിട്ടും പ്രതികളെ കണ്ടെത്താനായിട്ടില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: