തെരുവ് നായകൾ പെരുകുന്നു, ഇരുട്ടിൽ പോകുന്ന യാത്രക്കാർക്ക് ഇരുട്ടടിയായി തെരുവ് വിളക്കുകളും കത്തുന്നില്ല; റോഡുകളുടെ അവസ്ഥയും പരിതാപകരമാണ് അഴീക്കോട് പഞ്ചായത്തിൽ

അഴീക്കോട് പഞ്ചായത്തിൽ തെരുവുവിളക്കുകൾ മിക്കയിടത്തും കത്തുന്നില്ല. തെരുവുവിളക്കുകൾ പ്രകാശിക്കാത്തത് കാരണം തെരുവുനായശല്യവും അതിനെ തുടർന്നുണ്ടാകുന്ന അപകടങ്ങളും പതിവാണ്. ഞായറാഴ്ച രാത്രി റോഡിൽ അലയുന്ന നായയുടെമേൽ ബൈക്ക് കയറി ബൈക്ക് യാത്രക്കാരൻ വീണ് ആശുപത്രിയിലായ സംഭവമുണ്ടായി. രണ്ടാഴ്ചക്കകം കുട്ടികളടക്കം നാലുപേർ നായയുടെ കടിയേറ്റ് ആസ്പത്രിയിലായി.

വീട്ടു മുറ്റത്ത് വരെ നായകൾ കൂട്ടത്തോടെ കിടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. പാലോട്ട് വയൽ, മൈലാടത്തടം, കൊട്ടാരത്തുംപാറ, കടപ്പുറം റോഡ്, മീൻ കുന്ന്, മൂന്ന് നിരത്ത്, പുന്നക്കപ്പാറ, അഴീക്കൽ പ്രദേശങ്ങൾ തെരുവ് നായകൾ കൈയടക്കിയിരിക്കുന്നു. വര്‍ഷങ്ങളായി ഈ മേഖലയില്‍ തെരുവു നായ്ക്കളുടെ താവളമാണ്. തെരുവ് നായകളെ പേടിച്ച് പ്രഭാതസവാരി പോലും പലരും ഉപേക്ഷിച്ചിരിക്കയാണ്

വാഹന യാത്രികര്‍ക്കും, കാല്‍നടക്കാര്‍ക്കും വെല്ലുവിളിയായാണ് നായ്ക്കളുടെ നിരത്തിലൂടെയുള്ള സഞ്ചാരം. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവര്‍ ആക്രമണത്തിന് ഇരയാകുന്നുണ്ട്. പക്ഷെ തെരുവ് നായകളെ നിയന്ത്രിക്കാൻ ആവശ്യമായ നടപടി പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. സ്‌കൂള്‍ കുട്ടികളും, സ്ത്രീകളുമാണ് കൂടുതലായി തെരുവ് നായകളുടെ ആക്രമണത്തിനിരയാവുന്നത്.

പുലര്‍ച്ചെ നടക്കാനിറങ്ങുന്നവര്‍ വഴിയാത്രക്കാര്‍, പത്രവിതരണക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവർ ഏതു നിമിഷവും ഇവയുടെ അക്രമണ ഭീഷണിയിലാണ്.

നിരവധി നായ്ക്കള്‍ ഇരുചക്ര വാഹനക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്. വാഹനങ്ങള്‍ക്ക് പിറകെ ഓടുന്നതു മൂലം പലരും അപകടത്തില്‍പ്പെടുന്നത് നിത്യ സംഭവമായിട്ടുണ്ട്. പൊതുജനങ്ങൾക്ക് മാത്രമല്ല വളർത്തുമൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ നാൾക്കുനാൾ പെരുകുകയാണ്. വീടുകളില്‍ നിന്ന് കോഴി, താറാവ് എന്നിവയെ നായ്ക്കൂട്ടം കൂടുകള്‍ പൊളിച്ച് കൊണ്ടുപോകുന്നതും നിത്യസംഭവമാകുകയാണ്. തെരുവ് നായകളെ നിയന്ത്രിക്കുന്നതില്‍ അധികൃതര്‍ പാലിക്കുന്ന നിസ്സംഗ മനോഭാവം ജനങ്ങളെ ക്ഷുഭിതരാക്കിയിട്ടുണ്ട്. അക്രമ കാരികളായ നായ്ക്കളെ പിടികൂടി കൊല്ലാനും മറ്റുള്ളവയെ വന്ദ്യം കരിക്കാനും പഞ്ചായത്ത് വർഷങ്ങൾക്ക് മുൻപ് എടുത്ത തീരുമാനം പ്രാവർത്തികമായില്ല എന്നതാണ് ഈ സംഭവങ്ങൾ വെളിവാക്കുന്നത്.

ഈ അടുത്ത് റിപ്പയർ ചെയ്ത റോഡുകളൊഴിച്ചാൽ ബാക്കിയുള്ളവ കുണ്ടും കുഴിയും തന്നെ. റോഡിനിരുവശത്തുമുള്ള കാടുവൃത്തിയാക്കി 38 പ്രധാന ലിങ്ക് റോഡുകൾക്ക് ബോർഡ് വെച്ചതാണ് കാര്യമായി നടക്കുന്ന പണി. രണ്ടുവർഷംമുമ്പുള്ള പദ്ധതിയിൽ വകയിരുത്തിയ തുക കൊണ്ടാണ് ഈ പ്രവർത്തി നടക്കുന്നത്. എന്നാൽ റോഡ് നന്നാക്കിയതിന് ശേഷം ബോർഡ് വെച്ചാൽ പോരെ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ചിലയിടങ്ങളിൽ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് വരുന്ന ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതുൾപ്പെടെയുള്ള സമരംനടത്താനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: