ചുരുങ്ങിയ ചിലവിൽ പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

പറശ്ശിനി: പത്ത് രൂപ കൊടുത്താല്‍ ഇനി പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം. മലബാര്‍ മേഖലയില്‍ നടപ്പിലാക്കുന്ന ആദ്യത്തെ ടൂറിസം ഫ്രണ്ട്‌ലി ബോട്ട് സര്‍വീസിന് നാളെ തുടക്കമാവുന്നു. അറുപത് പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടില്‍ പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് 10 രൂപയാണ് യാത്രക്കൂലി. വലിയ വാടകയ്ക്ക് ഹൗസ് ബോട്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവരെ ഉദ്ദേശിച്ച് ഈ ബോട്ടില്‍ ഹൗസ്‌ബോട്ടില്‍ ലഭ്യമാവുന്ന ചില സൗകര്യങ്ങള്‍ കൂടി ഒരുക്കിയിട്ടുണ്ട്. കഫ്റ്റീരിയ, ടിവി, മൈക്ക്‌സെറ്റ് എന്നിവ ഏര്‍പ്പെടുത്തിയ ബോട്ട് പൂര്‍ണ്ണമായും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ ജെയിംസ് മാത്യു എം എല്‍ എ മുന്‍കൈയെടുത്ത് സ്‌പോണ്‍സര്‍മാരുടെ സഹകരണത്തോടെയാണ് ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയത്. യാത്രക്കാര്‍ക്ക് ചെറിയ ചെലവില്‍ ഉല്ലാസയാത്രയോടൊപ്പം ഭക്ഷണവും ബോട്ടില്‍ ലഭിക്കും. പറശിനിക്കടവില്‍ നിന്നും വളപട്ടണം പുഴയിലൂടെ മാട്ടൂലിലേക്കാണ് ബോട്ട് സര്‍വീസ് നടത്തുക. അടുത്തുതന്നെ പൂര്‍ണ്ണമായി ശീതീകരിച്ച ജലഗതാഗത വകുപ്പിന്റെ ഒരു ബോട്ട്കൂടി ഇത്തരത്തില്‍ സര്‍വീസിനെത്തുമെന്ന് ബോട്ടില്‍ നടത്തിയ പത്രസമ്മേളനത്തില്‍ എം എല്‍ എമാരായ ജെയിംസ് മാത്യു, ടി വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് എന്നിവര്‍ അറിയിച്ചു. മലബാര്‍ ക്രൂയിസം ടൂറിസ്റ്റ് പദ്ധതിയില്‍ സംസ്ഥാന ജലഗതാഗത വകുപ്പിനെകൂടി ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ബോട്ട് സര്‍വീസ്.
നാളെ വൈകുന്നേരം നാലിന് പറശിനിക്കടവില്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ബോട്ട് സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജെയിംസ്മാത്യു എം എല്‍ എ അധ്യക്ഷത വഹിക്കും. പി കെ ശ്രീമതി എം പി മുഖ്യാതിഥിയായി പങ്കെടുക്കും. ടി വി രാജേഷ് എം എല്‍ എ ആദ്യസര്‍വീസ് ഫല്‍ഗ് ഓഫ് ചെയ്യും. ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി കെ ശ്യാമള, സംസ്ഥാന ജലഗതാഗത വകുപ്പ് ഡയരക്ടര്‍ ഷാജി വി നായര്‍, കെ ഷാജു, കെ പി ശ്യാമള, പി മുകുന്ദന്‍, സമദ് കടമ്പേരി, കെ രാജേഷ്, എം വി ജനാര്‍ദ്ദനന്‍, പി എം ജനാര്‍ദ്ദനന്‍, കെ വി ചന്ദ്രന്‍, സി മാനസന്‍ എന്നിവര്‍ പ്രസംഗിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: