കളിയിക്കാവിള കൊലപാതകം: കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തി

കളിയിക്കാവിള ചെക്‌പോസ്റ്റില്‍ ചെക്‌പോസ്റ്റില്‍ ജോലിയ്ക്കിടെ കൊല്ലപ്പെട്ട എ.എസ്.ഐ വില്‍സണെ കുത്താന്‍ പ്രതികള്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. തമ്ബാനൂര്‍ ബസ് സ്റ്റാന്റ് പരിസരത്തുനിന്നാണ് അന്വേഷണസംഘം കത്തി കണ്ടെടുത്തത്. കൃത്യം നടത്തിയ ശേഷം ഒളിവില്‍ പോകുന്നതിനു മുമ്ബ് പ്രതികള്‍ കത്തി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.പ്രതികള്‍ വില്‍സണെ വെടിവച്ച്‌ കൊല്ലാനുപയോഗിച്ച തോക്ക് പൊലിസ് ഇന്നലെ എറണാകുളത്ത് നിന്ന് കണ്ടെത്തിയിരുന്നു. എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓടയില്‍ നിന്നാണ് തോക്ക് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പൊലിസ് സംഘം കണ്ടെടുത്തത്. പ്രതികളായ തൗഫീക്ക്, അബ്ദുല്‍ ഷമീം എന്നിവരെയും കൊണ്ട് ഇന്നലെ രാവിലെ നടത്തിയ തെളിവെടുപ്പിലാണ് തോക്ക് കണ്ടെത്തിയത്. സൈനികര്‍ മാത്രം ഉപയോഗിക്കുന്ന തോക്കാണിതെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതായി അന്വേഷണസംഘം പറഞ്ഞു.ഇറ്റാലിയന്‍ നിര്‍മിത 7.65 എം.എം പിസ്റ്റളാണിത്. പ്രതികളുടെ പക്കല്‍ ഇത് എങ്ങനെ എത്തിയെന്നത് സംബന്ധിച്ച്‌ അന്വേഷിക്കും. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ ഇതുപയോഗിച്ചാണോ എ.എസ്.ഐയെ വെടിവച്ചതെന്ന് വ്യക്തമാവുകയുള്ളൂവെന്നും പൊലിസ് പറഞ്ഞു.കൊലപാതകത്തിനു ശേഷം തിരുവനന്തപുരത്തു നിന്ന് ബസില്‍ എറണാകുളത്തെത്തി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ തങ്ങി ബസ് സ്റ്റാന്‍ഡിന് പിന്നിലെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള ഓടയിലേക്ക് തോക്ക് എറിഞ്ഞുകളഞ്ഞശേഷമാണ് ഉഡുപ്പിയിലേക്ക് പോയതെന്ന് പ്രതികള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: