കാസര്‍കോട്ടെ അധ്യാപികയുടെ മരണം കൊലപാതകം

മിയാപദവ് സ്കൂളിലെ അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കടലില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതിയായ വെങ്കിട്ടരമണനും രൂപശ്രീയും തമ്മില്‍ സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു.സംഭവത്തില്‍ സ്കൂളിലെ ഡ്രോയിങ് അധ്യാപകന്‍ വെങ്കിട്ടരമണ കരന്തരയെയും സഹായിയും ഡ്രൈവറുമായ നിരഞ്ജനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കാസര്‍കോട് എസ്.പിയുടെ ഒാഫീസിലേക്ക് മാറ്റി.ജനുവരി 14നാണ് രൂപശ്രീയെ കാണാതായത്. അന്നേ ദിവസം രാവിലെ സ്കൂളിലെത്തിയ രൂപശ്രീ ഉച്ചയോടെ വെങ്കിട്ടരമണക്കൊപ്പം പ്രതിയുടെ വീട്ടിലേക്ക് പോയി. അവിടെ വെച്ച്‌ രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തില്‍ തലമുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഡ്രൈവര്‍ നിരഞ്ജനെ വിളിച്ചു വരുത്തി.നിരഞ്ജന്‍റെ സഹായത്തോടെ വാഹനത്തില്‍ കയറ്റിയ മൃതദേഹം, മഞ്ചേശ്വരം നഗരത്തിലൂടെ കൊണ്ടു പോയി കോയിപ്പാടി കടപ്പുറത്ത് ഉപേക്ഷിക്കുകയായിരുന്നു. രൂപശ്രീയെ കാണാതായതോടെ ഭര്‍ത്താവ് 16ന് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ 18ന് രാവിലെ കോയിപ്പാടി കടപ്പുറത്ത് നിന്ന് മൃതദേഹം കണ്ടെടുത്തു.കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ രൂപശ്രീ മുങ്ങി മരിച്ചതാണെന്ന് സ്ഥിരീകരിച്ചു. അധ്യാപികയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് വെങ്കിട്ടരമണയിലേക്ക് കേസ് തിരിയാന്‍ കാരണമായത്.രൂപശ്രീയുടെ മുടി അടക്കം കാറില്‍ നിന്ന് ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. പ്രതിയെ നേരത്തെ കസ്റ്റഡിയില്‍ എടുത്തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പിന്നീട് പൊലീസ് വിട്ടയക്കുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: