കണ്ണൂർ വിമാനത്താവളം; ഇൻഡിഗോയുടെ ആഭ്യന്തര സർവീസുകൾ നാളെ മുതൽ

കണ്ണൂർ: ‌ചെന്നൈ, ബെംഗളൂരു, ഗോവ, ഹൈദരാബാദ്, ഹുബ്ബള്ളി എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ എയർലൈൻസിന്റെ പ്രതിദിന ആഭ്യന്തര സർവീസുകൾക്കു നാളെ തുടക്കം. ഹൈദരാബാദ് ഒഴികെയുള്ള സ്ഥലങ്ങളിലേക്കു ചെലവുകുറഞ്ഞ യാത്ര ഉറപ്പുനൽകുന്ന ഉഡാൻ പദ്ധതിയുടെ ഭാഗമായ നിരക്കിലും ടിക്കറ്റ് ലഭ്യമാണ്. 74 സീറ്റുകളുള്ള എടിആർ വിമാനങ്ങളാണ് ആഭ്യന്തര സർവീസുകൾക്ക് ഉപയോഗിക്കുന്നത്. ഇതിന്റെ പകുതി സീറ്റുകളാണ് ‘ഉഡാൻ’ നിരക്കിൽ ലഭ്യമാവുക.

രാവിലെ 9.15നു കണ്ണൂരിൽ‌നിന്നു പുറപ്പെട്ട് 11ന് ഹൈദരാബാദിൽ എത്തുകയും 11.35ന് ഹൈദരാബാദിൽനിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.25ന് കണ്ണൂരിൽ തിരികെ എത്തുകയും ചെയ്യുന്ന തരത്തിലാണ് ഹൈദരാബാദ് സർവീസ്. 2599 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

ഉച്ചയ്ക്ക് 1.45നു കണ്ണൂരിൽനിന്നു പുറപ്പെട്ട് 3.20നു ചെന്നൈയിലെത്തി അവിടെനിന്നു വൈകിട്ട് 4നു പുറപ്പെട്ട് 5.30നു കണ്ണൂരിൽ എത്തുന്ന തരത്തിലാണ് ചെന്നൈ സർവീസ്. 2500 രൂപ മുതലാണു നിരക്ക്. വൈകിട്ട് 5.50നാണ് ഹുബ്ബള്ളിയിലേക്കുള്ള വിമാനം കണ്ണൂരിൽനിന്നു പുറപ്പെടുക. 7.05നു ഹുബ്ബള്ളിയിലെത്തുന്ന വിമാനം 7.25നു തിരികെ പറന്ന് രാത്രി 8.45നു കണ്ണൂരിലെത്തും. 1999 രൂപ മുതലാണ് ഈ റൂട്ടിലെ നിരക്ക്.

ബെംഗളൂരുവിലേക്കുള്ള വിമാനം രാത്രി 8നു കണ്ണൂരിൽനിന്നു പുറപ്പെട്ട് 9.05ന് അവിടെയെത്തും. രാത്രി 9.25നു ബെംഗളൂരുവിൽനിന്നു പുറപ്പെടുന്ന വിമാനം 10.30നു കണ്ണൂരിൽ ലാൻഡ് ചെയ്യും. 1799 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. രാത്രി 10.05നാണു ഗോവയ്ക്കുള്ള വിമാനം കണ്ണൂരിൽനിന്നു പറന്നുയരുക. 11.35നു ഗോവയിലെത്തും. രാത്രി 11.55നു ഗോവയിൽനിന്നു പുറപ്പെടുന്ന വിമാനം പുലർച്ചെ 1.20നു കണ്ണൂരിലെത്തും. 1299 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

ദോഹയിലേക്കും കുവൈത്തിലേക്കും രാജ്യാന്തര സർവീസുകൾക്കുള്ള ടിക്കറ്റ് ബുക്കിങ്ങും ഇൻഡിഗോ തുടങ്ങി. മാർച്ച് 15 മുതൽ ആഴ്ചയിൽ ആറു ദിവസം വീതമാണു സർവീസ്. ഡൽഹി, തിരുവനന്തപുരം ഉൾപ്പെടെയുള്ള ആഭ്യന്തര നഗരങ്ങളിലേക്കും കൂടുതൽ വിദേശ വിമാനത്താവളങ്ങളിലേക്കുമുള്ള സർവീസുകളും പരിഗണനയിലാണെന്ന് ഇൻഡിഗോ അസോഷ്യേറ്റ് വൈസ് പ്രസിഡന്റ് ആർ.ശ്രീകൃഷ്ണ, സെയിൽസ് ഡയറക്ടർ അച്ചിൻ അറോറ, കേരള സെയിൽസ് മാനേജർ ബിനോജ് ജോസഫ് എന്നിവർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: