പയ്യന്നൂർ പാടിക്കടവിന് പാലം വേണമെന്ന ആവശ്യം ശക്തം

പയ്യന്നൂർ: പയ്യന്നൂർ പാടിക്കടവിന് പാലം വേണമെന്ന ആവശ്യം ശക്തം. നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം പയ്യന്നൂർ, തൃക്കരിപ്പൂർ എംഎൽഎമാർ സർക്കാരിന്റെ സജീവ പരിഗണനയിൽ എത്തിച്ചതാണ്. ഓരോ വർഷവും ബജറ്റിൽ ഈ പാലത്തിന് ടോക്കൺ തുക വകയിരുത്താറുണ്ട്. പാലം യാഥാർഥ്യമായില്ല. പയ്യന്നൂർ നഗരസഭയിലെ കാറമേൽ പാടി പ്രദേശവും തൃക്കരിപ്പൂർ പഞ്ചായത്തിലെ ചെറുകാനവുമായി ബന്ധിപ്പിക്കുന്ന കടവിനാണ് പാലം പണിയേണ്ടത്. ഇരു പ്രദേശത്തെയും കർഷകരായ ജനങ്ങൾ പഴയകാലത്ത് പുഴയിലൂടെ നടന്നാണ് ഇരുകരകളുമായി ബന്ധപ്പെട്ടിരുന്നത്.

തൃക്കരിപ്പൂർ എംഎൽഎ കാസർകോട് പാക്കേജിൽ ഈ പാലം ഉൾപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ച് ഇറിഗേഷൻ വകുപ്പ് പാലത്തിന്റെ ഡിസൈൻ തയാറാക്കാൻ ഐഡിആർബിക്ക് നൽകിയിട്ടുണ്ട്. എന്നാൽ ഈ ഫയൽ അവിടെ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നു. പയ്യന്നൂർ എംഎൽഎ പൊതുമരാമത്ത് വകുപ്പിനെക്കൊണ്ട് പാലം നിർമിക്കാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്. എന്നാൽ എല്ലാം തടസ്സപ്പെട്ട് കിടക്കുന്നു.

ഇരുഭാഗങ്ങളിലേക്കും വയലുകളിൽ നിന്ന് നെൽക്കറ്റകൾ തലച്ചുമടായി പുഴയിലൂടെ നടന്ന് കൊണ്ടുപോകാറുണ്ട്. എന്നാൽ ഇപ്പോൾ പുഴയുടെ ആഴം കൂടിയതോടെ പുഴ മുറിച്ചു കടക്കാൻ കഴിയില്ല. ഈയൊരു സാഹചര്യത്തിലാണ് പാലം പണിയണമെന്ന ആവശ്യം ശക്തിപ്പെട്ടത്. ഈ പാലത്തിന് സർക്കാർ അനുകൂല നടപടി ഉണ്ടായപ്പോഴെല്ലാം മറ്റ് കടവുകളിൽ പാലം ഉയർന്നു വരുന്ന സ്ഥിതിയാണ് ഉണ്ടായത്. വലിയൊരു മേഖലയുടെ വികസനമാണ് പാലം യാഥാർഥ്യമായാൽ ഉണ്ടാവുക.

“പാലം നിർമിക്കണമെന്നത് ഇരുകരകളിലേയും ജനങ്ങളുടെ ചിരകാല അഭിലാഷമാണ്. ജനകീയ കമ്മിറ്റി രൂപീകരിച്ച് ഇതിന് വേണ്ടി ശ്രമം നടത്തിയിരുന്നു. തൃക്കരിപ്പൂർ എംഎൽഎയായിരുന്ന കെ.പി.സതീഷ് ചന്ദ്രന്റെ അധ്യക്ഷതയിൽ അന്നത്തെ കാസർകോട് എംപി ടി.ഗോവിന്ദൻ ഇവിടെ പാലം പണിയാ‍ൻ തറക്കല്ലിട്ടതായിരുന്നു. എന്നാൽ പാലം യാഥാർ‌ഥ്യമായില്ല.

പാലം യാഥാർഥ്യമായാൽ തൃക്കരിപ്പൂർ മേഖലയിലുള്ളവർക്ക് എളുപ്പത്തിൽ ദേശീയപാതയിൽ എത്താൻ കഴിയും. അതുപോലെ ദേശീയപാതയിൽ നിന്ന് തൃക്കരിപ്പൂർ, പടന്ന, വലിയപറമ്പ് പ്രദേശങ്ങളിലേക്ക് ജനങ്ങൾക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന മാർഗമാണിത്.” -ബി.സി.സുധാകരൻ, മഹാത്മ കോളനി, കാറമേൽ.

“ഇരു കരകളിലും ടാർ ചെയ്ത റോഡുകളുണ്ട്. പാലം നിർമിച്ചാൽ ഇരുകരകളിലും വികസന സാധ്യതകൾ ഏറെയാണ്. അത് കണ്ടെത്തി പാലം നിർമിക്കാൻ തയാറാകണം. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനുമായി ഈ പ്രദേശത്തുള്ളവർക്ക് എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയുന്ന മാർഗം കൂടിയാണിത്.” -എ.മുത്തലിബ്, രസ്ന മഹൽ, കോളനി റോഡ്, കാറമേൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: