പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം 2019 ഫെബ്രുവരി 4,5,6,7 തീയതികളിൽ നടക്കും

13 വർഷങ്ങൾക്കു ശേഷം പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം 2019 ഫെബ്രുവരി 4,5,6,7 തീയതികളിൽ നടക്കും. എച്ച് എൽ ഹരിഹര അയ്യർ ചെയർമാനും പി എ സന്തോഷ് വർക്കിങ്ങ് ചെയർമാനും പി തമ്പാൻ ജനറൽ കൺവീനറും പി മോഹനൻ ട്രഷററുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തിച്ചു വരികയാണ്.
പെരുങ്കളിയാട്ട ദിനങ്ങളിൽ ആറു നേരങ്ങളിലായി അഞ്ച് ലക്ഷത്തോളം ഭക്തജനങ്ങൾക്ക് ദേവിയുടെ അന്നദാനം നൽകും. വിഷരഹിത പച്ചക്കറി ലക്ഷ്യമിട്ട് ആറ് കേന്ദ്രങ്ങളിലായി ജൈവ പച്ചക്കറി കൃഷി നടത്തി. പ്രചരണ കമ്മിറ്റിയുടെ നേതൃത്തിൽ പ്ലാസ്റ്റിക് വിമുക്ത പ്രചരണം ലക്ഷ്യമിട്ട് തയാറാക്കിയ സംഘാടക സമിതി ഓഫീസും, കൂറ്റൻ ബോർഡുകളും, ചുമരെഴുത്തുകളും മറ്റും ഇതിനകം പൊതുജന ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
വരച്ചു വെക്കൽ പെരുങ്കളിയാട്ടത്തിനു ദേവിയുടെ തിരുമുടി ഏറ്റാനുള്ള കോലധാരിയെ പ്രശ്ന ചിന്തയിലൂടെ കണ്ടെത്തുന്ന ചടങ്ങാണ് വരച്ചുവെക്കൽ. 2019 ജനുവരി 27ന് ഞായറാഴ്ച രാവിലെ 8.10 നും 9.45 നും ഇടയിലുള്ള മുഹൂർത്തത്തിൽ വരച്ചുവെക്കൽ നടക്കും. തുടർന്ന് അന്നദാനവും ഉണ്ടാകും.
വരച്ചു വെക്കൽ ദിനം മുതൽ എല്ലാ ദിവസങ്ങളിലും വിവിധ കലാ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കും. 26 ന് വൈകിട്ട് ആറിന് പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഭക്തിഗാന ഓഡിയോ സി ഡി “പൂമുടി” ഗായകൻ വി ടി മുരളി പ്രകാശനം ചെയ്യും. തുടർന്ന് തുഷ്മ ജയദേവനും സംഘവും അവതരിപ്പിക്കുന്ന “ജ്ഞാനപ്പാന” ശാസ്ത്രീയ നൃത്താവിഷ്കാരം. ഫെബ്രുവരി 3ന് വൈകിട്ട് 7ന് വനിതാ വേദിയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിരയും കലാമണ്ഡലം ബിന്ദു മാരാരുടെ ശാസ്ത്രീയ നൃത്തസന്ധ്യയും. 4ന് വൈകിട്ട് 6ന് സ്നേഹ സതീഷിന്റെ സംഗീതകച്ചേരി, തുടർന്ന് കോഴിക്കോട് നവചേതനയുടെ നയാ പൈസ നാടകം. 5 ന് പകൽ 3 ന് പയ്യന്നൂർ മമ്പലം ഭഗവതി ക്ഷേത്രത്തിൽ നിന്നും എടുത്തു പിടിച്ച് വരവ്. വൈകിട്ട് 7.30 ന് ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂട് നയിക്കുന്ന കൊല്ലം ശിവാ ഗ്രൂപ്പിന്റെ സൂപ്പർ മെഗാഷോ. 6 ന് പകൽ 3 ന് മംഗല കുഞ്ഞുങ്ങളോട് കൂടിയുള്ള തോറ്റം ചുഴലൽ. വൈകിട്ട് 7.30 ന് സിനിമ പിന്നണി ഗായകരായ ഉണ്ണി മേനോൻ, സിത്താര, ചന്ദ്രലേഖ എന്നിവർ നയിക്കുന്ന ഗാനമേള. മന്ത്രിമാർ, ജനപ്രതിനിധികൾ, കലാ- സാംസ്കാരിക നായകന്മാർ എന്നിവർ വിവിധ ദിവസങ്ങളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനങ്ങളിൽ അതിഥികളായെത്തും. കളിയാട്ടത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് ഒരേ സമയം 5000 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശാലമായ വാഹന പാർക്കിങ്ങും, ശുദ്ധമായ കുടിവെള്ള വിതരണവും, 40 കി.മീ. ചുറ്റളവിൽ ദീപസംവിധാനവും ഒരുക്കും.
കളിയാട്ട ദിവസങ്ങളിൽ കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, നരമ്പിൽ ഭഗവതി, പുലിയൂർ കണ്ണൻ, തൂളന്താട്ട് ഭഗവതി, വിഷ്ണു മൂർത്തി , മടയിൽ ചാമുണ്ഡി, രക്തചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി എന്നീ തെയ്യക്കോലങ്ങളും കൂത്ത്, ചങ്ങനും പൊങ്ങനും എന്നിവയും കെട്ടിയാടും.
7 ന് വ്യാഴാഴ്ച പകൽ 12ന് മേലേരി കൈയ്യേൽക്കൽ, ഒന്നിന് രണ്ട് മുച്ചിലോട്ട് ഭഗവതിമാരുടെ തിരുമുടി നിവരും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: