കെ.എ.എസ് മുഴുവൻ സ്ട്രീമുകളിലും സംവരണം നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനം പോരാട്ടത്തിന്റെ വിജയം: ഫ്രറ്റേണിറ്റി മൂവ്മെൻറ്

കണ്ണൂർ : കെ.എ.എസ് മുഴുവൻ സ്ട്രീമുകളിലും സംവരണം നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം അവകാശ സമരങ്ങളിൽ അണിചേർന്ന പിന്നോക്ക ജനതയുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് കണ്ണൂർ ജില്ല പ്രസിഡന്റ് ഫൈസൽ മാടായി പ്രസ്താവനയിൽ പറഞ്ഞു. നിരന്തരമായ സമരപ്രക്ഷോഭങ്ങൾക്ക് മുമ്പിൽ ഒടുവിൽ സർക്കാറിന് നയം തിരുത്തേണ്ടി വന്നിരിക്കുകയാണ്. സാമൂഹ്യനീതിയും ഭരണഘടനയുടെ താല്പര്യങ്ങളും അട്ടിമറിക്കാനുള്ള ഇടതുപക്ഷ സർക്കാറിന്റെ ആസൂത്രിത ശ്രമങ്ങളെ അതിശക്തമായി ചെറുത്തു തോൽപ്പിച്ച കേരളത്തിലെ പിന്നോക്ക – ന്യൂനപക്ഷ സമൂഹങ്ങളുടെയും സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും വിജയമാണിത്. എന്നാൽ, കെ.എ.എസ് സംവരണം സർക്കാരിന്റെ ഔദാര്യമാണെന്ന രീതിയിൽ വിശദീകരിക്കപ്പെടുന്നത് അപകടകരമാണ്. തികഞ്ഞ ഒരു അവകാശ പോരാട്ടമായിരുന്നു അത്. അവകാശങ്ങളെ ഔദാര്യ ഭാഷയിൽ അവതരിപ്പിച്ച് മുന്നോക്ക സംവരണത്തിനെതിരായ പ്രക്ഷോഭങ്ങളുടെ മുനയൊടിക്കാമെന്നത് ഇടതു സർക്കാരിന്റെ വ്യാമോഹം മാത്രമാണ്.

മുന്നാക്ക സംവരണം നടപ്പിലാക്കാനായി ബിജെ.പിയും കോൺഗ്രസും ഇടതുപക്ഷവുമടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ചിരിക്കുന്ന സന്ദർഭത്തിൽ തന്നെയാണ് കെ.എ.എസ് സംവരണം നടപ്പിലാക്കപ്പെടുന്നത്. സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുന്നോക്ക വിഭാഗങ്ങളുമായി നടത്തിയ ഒത്തുതീർപ്പിന്റെ ഭാഗമായാണോ സർക്കാരിന്റെ ഈ പിന്മാറ്റമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭരണഘടനയുടെ അന്തസ്സത്തയെ ലംഘിക്കുന്നവർ കെ.എ.എസ് സംവരണ പോരാട്ടത്തിൽ നിന്നും പാഠമുൾക്കൊള്ളണം. അല്ലാത്തപക്ഷം കണ്ണൂർ ജില്ലയിൽ ശക്തമായ അവകാശ പോരാട്ടങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃപരമായ പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംവരണ സംരക്ഷണ പോരാട്ടങ്ങൾക്ക് കരുത്ത് പകർന്ന ജില്ലയിലെ മുഴുവൻ പിന്നോക്ക – ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കും വിദ്യാർത്ഥി – യുവജനങ്ങൾക്കും അദ്ദേഹം അഭിവാദ്യം അറിയിച്ചു. ജവാദ് അമീർ, ഡോക്ടർ: മിസ്ഹബ് ഇരിക്കൂർ, ടി.പി. ഇല്യാസ്, മുഹ്സിൻ ഇരിക്കൂർ, ഫർസീന ഫൈസൽ, മശ്ഹൂദ് KP എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: