ജെസ്‌നയുടെ തിരോധാനത്തില്‍ പ്രാദേശിക ബന്ധമുണ്ടെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച്

ജെസ്‌നയുടെ തിരോധാനത്തില്‍ പ്രാദേശിക ബന്ധമുണ്ടെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച്; പുഞ്ചവയലിലോ പുലിക്കുന്നിലോ വച്ചാകാം തിരോധാനമെന്നും സൂചനകള്‍; ബസ്സിറങ്ങി ബന്ധുവീട്ടില്‍ എത്തുംമുമ്ബ് അപ്രതീക്ഷിതമായി എന്തോ സംഭവിച്ചോയെന്നും സംശയം; മുണ്ടക്കയത്ത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് ജെസ്‌നയല്ല എന്ന് ഉറപ്പിച്ചു; കാണാതായി പത്താംമാസം മുക്കൂട്ടുതറയിലെ വിദ്യാര്‍ത്ഥിനിക്കായുള്ള തിരച്ചില്‍ പുതിയ ദിശയില്‍*

പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജെസ്ന മരിയ ജെയിംസിനു വേണ്ടിയുള്ള അന്വേഷണത്തില്‍ നിര്‍ണായക നിഗമനത്തില്‍ ക്രൈംബ്രാഞ്ച് സംഘം. പെണ്‍കുട്ടി അപ്രത്യക്ഷയായ സംഭവത്തില്‍ പ്രാദേശിക ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിരിക്കുന്നത്. അതേസമയം, ഇതുവരെ മുണ്ടക്കയത്ത് പെണ്‍കുട്ടിയെ കണ്ടെത്തിയെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നെങ്കിലും സിസിടിവിയില്‍ കണ്ടത് ജസ്‌നയെ അല്ല എന്ന് ഉറപ്പിക്കുകയാണ് പൊലീസ്.

കാണാതായി പത്തുമാസം പിന്നിടുന്നവേളയില്‍ നിര്‍ണായക ഘട്ടത്തിലേക്ക് അന്വേഷണം എത്തിയെന്ന സൂചനകളാണ് അന്വേഷക സംഘം നല്‍കുന്നത്. പ്രധാനമായും അന്വേഷിക്കുന്നത് ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചോ എന്ന സൂചനകളുമായി ബന്ധപ്പെട്ടാണ്. ഇതിന് ശേഷമാണ് പെണ്‍കുട്ടിയെ കാണാതായതെന്ന അനുമാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ജെസ്നയുടെ തിരോധാനത്തില്‍ പ്രാദേശിക ബന്ധം ഉണ്ടെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് സംഘം എത്തിയെന്നാണ് സൂചനകള്‍. മുണ്ടക്കയത്ത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് ജെസ്നയല്ല എന്നുറപ്പിക്കാനായതും നിര്‍ണായകമായി. പുഞ്ചവയല്‍, പുലിക്കുന്ന് പ്രദേശങ്ങളില്‍ എവിടെയെങ്കിലും വച്ചാകാം ജെസ്നയെ കാണാതായതെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. അതിനാല്‍ ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ശക്തമാക്കുകയാണ്. ഇവിടെയുള്ള ആര്‍ക്കെങ്കിലും തിരോധാനവുമായി ബന്ധമുണ്ടാകാം എന്ന നിഗമനത്തിലാകും ഇനിയങ്ങോട്ട് അന്വേഷണം.
മാര്‍ച്ച്‌ 21നു കാണാതായ ദിവസം ജെസ്ന പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോയിട്ടുണ്ടാകുമെന്ന സംശയത്തിലാണ് ഈ പ്രദേശത്ത് ക്രൈംബ്രാഞ്ച് ടീമിന്റെ അന്വേഷണം. ബന്ധുവീട്ടില്‍ എത്തുന്നതിനു മുന്‍പ് എന്താണ് സംഭവിച്ചതെന്നാണ് അന്വേഷിക്കുന്നത്. എരുമേലിയില്‍നിന്നും അന്നു രാവിലെ ബസില്‍ പുറപ്പെട്ട ജെസ്ന പുലിക്കുന്നില്‍ ബസിറങ്ങി പുഞ്ചവയലിലേക്കു പോയിരുന്നോ എന്നതില്‍ സ്ഥിരീകരണമുണ്ടാകണം. ഇക്കാര്യത്തിലും കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്.
ഇതിനായി ബസിറങ്ങി ബന്ധുവീട്ടില്‍ എത്തുന്നതിനു മുന്‍പ് അപ്രതീക്ഷിതമായ സംഭവങ്ങളുണ്ടായോ എന്നതില്‍ ശാസ്ത്രീയമായ വിലയിരുത്തല്‍ നടത്തുകയാണ് ടീം. പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍മാര്‍, വ്യാപാരികള്‍, നാട്ടുകാര്‍, ഇതരസംസ്ഥാനക്കാരായ തൊഴിലാളികള്‍ തുടങ്ങിയവരെയെല്ലാം എന്നിവരെ നേരില്‍കണ്ട് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. പ്രദേശത്തെ റബര്‍ എസ്റ്റേറ്റിലും ആളൊഴിഞ്ഞ തോട്ടങ്ങളിലും പുഴയോരത്തും ടീം കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.
കാണാതായ ദിവസം രാവിലെ 10.45നു മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട യുവതി ജെസ്നയല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ജെസ്ന മുണ്ടക്കയം സ്റ്റാന്‍ഡില്‍ എത്തിയിട്ടില്ലെന്നും അതിനു മുന്‍പ് പത്തോടെ ജെസ്ന അപ്രതീക്ഷിതമായ ചില സാഹചര്യങ്ങളില്‍ ഉള്‍പ്പെട്ടതായുമാണ് പൊലീസ് സംശയിക്കുന്നത്. തനിച്ചുപോയ ജെസ്ന ആക്രമണത്തിനോ തട്ടിക്കൊണ്ടുപോകലിനോ ഇടയാകാനുള്ള സാഹചര്യവുമുള്‍പ്പെടെ പരിശോധിക്കുകയാണ്.
എങ്കില്‍ കണ്ണിമല, പുഞ്ചവയല്‍, പുലിക്കുന്ന്, വാളാര്‍ഡി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ ഇനിയും അന്വേഷണം വേണ്ടിവരും. ജെസ്നയെ കാണാതായ ദിവസങ്ങളില്‍ മേഖലയില്‍ കെട്ടിടം പണികള്‍ നടന്നിട്ടുണ്ടോ എന്നും അങ്ങനെയെങ്കില്‍ ജോലിക്കെത്തിയ തൊഴിലാളികള്‍ ആരൊക്കെയെന്നും എല്ലാം അന്വേഷിച്ചുവരികയാണ്. പുലിക്കുന്ന് മുതല്‍ പുഞ്ചവയല്‍ വരെയുള്ള പ്രദേശങ്ങളുടെ റൂട്ടും മാപ്പും നോക്കി വിലയിരുത്തലുകള്‍ തുടരുകയാണ് ക്രൈംബ്രാഞ്ച്.
കൊല്ലമുള സന്തോഷ്‌കവല കുന്നത്തുകവല വീട്ടില്‍ ജെസ്‌നയെ കാണാതാവുന്നത് കഴിഞ്ഞ മാര്‍ച്ച്‌ 22 നാണ്. മുക്കൂട്ടുത്തറയിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്നയെക്കുറിച്ച്‌ പിന്നീട് വിവരമൊന്നും ലഭിച്ചില്ല. പലയിടത്തും ജസ്‌നയെ കണ്ടെത്തിയതായി സൂചനകള്‍ ലഭിച്ചെങ്കിലും ഇത് ജെസ്ന തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ല.
സ്റ്റഡി ലീവായതിനാല്‍ ആന്റിയുടെ വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞാണ് ജെസ്ന വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് ഓട്ടോയില്‍ മുക്കുട്ടുത്തറയിലും ബസില്‍ എരുമേലിയിലും എത്തിയതായി വിവരം ഉണ്ട്. പിന്നീട് ജെസ്നയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ല. പിന്നീട് അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും ബാംഗ്‌ളൂരിലുള്‍പ്പെടെ ജസ്‌നയെ കണ്ടെന്ന തരത്തില്‍ പ്രചരണം നടന്നു. എന്നാല്‍ അതെല്ലാം വ്യാജ വിവരങ്ങളായിരുന്നു. ഇതിനിടെ മുണ്ടക്കയം ബസ്സ്റ്റാന്‍ഡിലുള്ള കടയിലെ സിസിടിവിയില്‍ ജെസ്നയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നുന്നവെന്ന വിവരവും വന്നു. എന്നാല്‍ ഇതും തെറ്റാണെന്ന് കണ്ടെത്തി.
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സംഭവം ഏറ്റുപിടിച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ഇതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. ഇടക്കാലത്ത് പ്രളയത്തെ തുടര്‍ന്ന് നിലച്ചു പോയ അന്വേഷണമാണ് ഇപ്പോള്‍ വീണ്ടും ശക്തമാക്കിയതോടെയാണ് പുതിയ ദിശകളിലേക്കും അന്വേഷണം നീങ്ങുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: