പൊണ്ണത്തടിയരായ സര്‍ക്കാര്‍ ജീവനക്കാരെ ഒതുക്കിയെടുക്കാന്‍ സുംബ ഡാന്‍സുമായി സര്‍ക്കാര്‍

ഇരുന്ന് ജോലി ചെയ്ത് കൊഴുപ്പുകേറി പൊണ്ണത്തടിയരായ സര്‍ക്കാര്‍ ജീവനക്കാരെ ഒതുക്കിയെടുക്കാന്‍ സുംബ ഡാന്‍സുമായി സര്‍ക്കാര്‍ വരുന്നു. രോഗം ബാധിച്ചതിനാല്‍ പലജീവനക്കാരും നീണ്ട അവധിയെടുത്ത് പോവുകയാണ്. അതോടെ വകുപ്പുകളുടെ പ്രവര്‍ത്തനവും രോഗം ബാധിച്ചതുപോലെ മന്ദഗതിയിലായി. ഇതിനെ മറികടക്കാനാണ് ജീവനക്കാരെക്കൊണ്ട് ഡാന്‍സ് ചെയ്യിപ്പിക്കുന്നത്. ആരോഗ്യ വകുപ്പിലാണ് ആദ്യമായി ഡാന്‍സ് അരങ്ങേറുന്നത്. ശേഷം പൊതുഭരണ വകുപ്പുമായി ആലോചിച്ച്‌ സെക്രട്ടേറിയറ്റിലേക്കും ഡാന്‍സ് വ്യാപിപ്പിക്കും. ഒറ്റയിരുപ്പിലിരുന്ന് ജോലി ചെയ്യുന്നത് ശരീരത്തെയും ജോലിയേയും ഒരുപോലെ ബാധിക്കുമെന്നാണ് കണ്ടെത്തല്‍. എന്നാല്‍ കസേരയിലിരിക്കാതെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ജീവനക്കാരുമുണ്ട്. അവര്‍ പഞ്ച് ചെയ്തിട്ട് സ്വന്തം കാര്യം നോക്കി നടക്കുമ്ബോള്‍ എങ്ങും പോകാതെ കസേരയിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാര്‍ തടിച്ച്‌ കൊഴുക്കുന്നതായാണ് കണ്ടെത്തല്‍. ഇവരെക്കൊണ്ട് ഡാന്‍സ് ചെയ്യിപ്പിച്ച്‌ സ്ലിമാക്കും. അതിലൂടെ ജോലിക്ക് പ്രസരിപ്പേകും.തലസ്ഥാനത്ത് സുംബഡാന്‍സ് അഭ്യസിപ്പിക്കുന്ന സംഘവുമായി ചേര്‍ന്നാണ് ജീവനക്കാരെ ഡാന്‍സ് ചെയ്യിപ്പിക്കുന്നത്. ആദ്യം മൂന്ന് ക്ളാസുകളാണ് ഒരുക്കുന്നത്. അതിനുശേഷം താത്‌പര്യമുള്ളവര്‍ക്ക് സുംബഡാന്‍സ് കൂടുതല്‍ അഭ്യസിക്കാനുള്ള സൗകര്യവും ആരോഗ്യവകുപ്പ് ഒരുക്കും. ജീവനക്കാര്‍ക്കിടയില്‍ പോസിറ്റീവ് എനര്‍ജി സൃഷ്ടിക്കുക, മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളാണ് സുംബ ഡാന്‍സിലൂടെ ഉദ്ദേശിക്കുന്നത്.വ്യായാമമില്ലാതെ ഒരേ ഇരിപ്പിലുള്ള ജോലിയായതിനാല്‍ പല സര്‍ക്കാര്‍ ജീവനക്കാരും ചെറുപ്രായത്തില്‍ തന്നെ രോഗത്തിന്റെ പിടിയിലാവുന്നുണ്ട്. കൂടുതല്‍ ഇരുന്നുള്ള ജോലി കൊളസ്ട്രോളിലേക്കും രക്തസമ്മര്‍ദ്ദത്തിലേക്കും ജീവനക്കാരെ തള്ളിവിടുമെന്ന് അധികൃതര്‍ പറയുന്നു. കൂടുതല്‍ നേരം ഇരിക്കുന്നവര്‍ക്ക് അര്‍ബുദം, ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം, പ്രമേഹം, വൃക്കരോഗം, ആസ്ത് മ, ന്യൂമോണിയ, കരള്‍ രോഗം, അള്‍സര്‍, പാര്‍ക്കിന്‍സണ്‍, അല്‍ഷിമേഴ്‌സ്, ഞരമ്ബുകളെ ബാധിക്കുന്ന രോഗങ്ങള്‍ തുടങ്ങിയവ വരാനുള്ള സാധ്യതയും കൂടുതലാണെന്നാണ് വിവിധ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനാലാണ് സുംബഡാന്‍സ് ഉള്‍പ്പടെയുള്ള പരിഷ്കാരങ്ങളിലേയ്ക്ക് ആരോഗ്യവകുപ്പ് കടക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: