ജാര്‍ഖണ്ഡില്‍ അടിതെറ്റി ബിജെപി : ഉദിച്ചുയര്‍ന്ന് മഹാസഖ്യം

ഹിന്ദി ഹൃദയഭൂമിയില്‍ വീണ്ടും ബിജെപിക്ക് തിരിച്ചടി. ജാര്‍ഖണ്ഡും ബിജെപിയെ കൈവിടുമ്ബോള്‍ പ്രതിപക്ഷ ചേരിക്ക് കരുത്തുപകര്‍ന്ന് പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ജാര്‍ഖണ്ഡിലും ബിജെപി വിരുദ്ധ സര്‍ക്കാര്‍ അധികാരത്തിലേറുന്നു. 65 സീറ്റ് എന്ന ലക്ഷ്യം കുറിച്ച്‌ പ്രചാരണത്തിനിറങ്ങിയ മുഖ്യമന്ത്രി രഘുബര്‍ദാസിനും ബിജെപിക്കും തൊട്ടതെല്ലാം പിഴച്ചു.ആദ്യം എ.ജെ.എസ്.യുവുമായുള്ള സഖ്യം പൊളിഞ്ഞത് മുതല്‍ തിരിച്ചടി തുടങ്ങുന്നു. മറുവശത്ത് ജെഎംഎം-ആര്‍ജെഡി-കോണ്‍ഗ്രസ് മഹാസഖ്യം ശക്തമായി നിലയുറപ്പിച്ച്‌ ബിജെപിയെ നേരിട്ടു. ദേശീയതയും ആര്‍ട്ടിക്കിള്‍ 370 യും പൗരത്വ നിയമഭേദഗതിയും പൗരത്വ രജിസ്റ്ററും ബിജെപി മുഖ്യവിഷയമാക്കിയപ്പോള്‍ പ്രാദേശിക വിഷയങ്ങളിലൂന്നി ബിജെപിയുടെ കെണിയില്‍ വീഴാതെ ഹേമന്ത് സോറന് പിന്നില്‍ സഖ്യം ഒന്നിച്ചുനിന്നു.
തിരഞ്ഞെടുപ്പിന് മുന്നെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഹേമന്ത് സോറനെ പ്രഖ്യാപിച്ചതോടെ ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തില്‍ ഭിന്നത അകന്നു. കോണ്‍ഗ്രസിലാകട്ടെ നേതാക്കള്‍ പലരും കൊഴിഞ്ഞുപോയി. പിസിസി പ്രസിഡന്റ് പോലും രാജിവച്ച്‌ ആം ആദ്മിയില്‍ ചേര്‍ന്നിട്ടും ഒറ്റ മനസ്സുമായി ഈ തിരഞ്ഞെടുപ്പിനെ നേരിടാനായതാണ് കോണ്‍ഗ്രസിനെ തുണച്ചത്. തെക്കന്‍ ജാര്‍ഖണ്ഡില്‍ മുന്നേറ്റമുണ്ടാക്കിയ കോണ്‍ഗ്രസിന്റെ പ്രചാരണം ഏകോപിപ്പിച്ചത് 40 ദിവസമായി സംസ്ഥാനത്ത് തങ്ങിയ എഐസിസി സെക്രട്ടറി ആര്‍പിഎന്‍ സിങ്ങായിരുന്നു.എക്‌സിറ്റ് പോളുകള്‍ ത്രിശങ്കു പ്രവചിച്ചപ്പോഴും, അപകടസാധ്യതയുണ്ടെങ്കിലും സര്‍ക്കാരുണ്ടാക്കാമെന്ന ഉറച്ച പ്രതീക്ഷ ബിജെപിക്കുണ്ടായിരുന്നു. പക്ഷേ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിലും വലിയ വിജയമാണ് മഹാസഖ്യം നേടിയത്. ജെ.വി.പിയുടെയും എ.ജെ.എസ്.യുവിന്റെയും വിലപേശല്‍ ശേഷി നഷ്ടപ്പെട്ടതും ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രത്യേകതയാണ്. ഏഴ് സീറ്റില്‍ മത്സരിച്ച ആര്‍ജെഡി അഞ്ച് സീറ്റിലും മുന്നിലെത്തിയത് ശ്രദ്ധേയമായി.ധുംകയിലും ബെര്‍ഹെയ്ത്തിലും മത്സരിച്ച ഹേമന്ത് സോറന്‍ രണ്ടിടത്തും മുന്നേറുന്നു. അതേസമയം ഏറ്റവും ശക്തമായ പോരാട്ടം നടന്ന ജംഷഡ്പൂര്‍ ഈസ്റ്റില്‍ മുഖ്യമന്ത്രി രഘുബര്‍ ദാസിനെ ദിവസങ്ങള്‍ക്ക് മുമ്ബ് വരെ മന്ത്രിയായിരുന്ന സരയു റായ് അട്ടിമറിച്ചേക്കുമെന്ന സൂചനയാണ് വരുന്നത്. ചക്രധര്‍പൂരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവ പരാജയത്തിലേക്ക് നീങ്ങുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: