തലശേരിയിലെ ഇരട്ടക്കൊലപാതകത്തില്‍ സമഗ്രാന്വേഷണം വേണം; ക്രിമിനല്‍സംഘത്തിന് രാഷ്ട്രീയപിന്‍ബലം: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

കണ്ണൂര്‍: തലശ്ശേരിയില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ആശങ്കപ്പെടുത്തുന്നതാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.
നിട്ടൂര്‍ ഇല്ലിക്കുന്ന് ചിറമ്മല്‍ പള്ളിക്ക് സമീപത്തെ ഖാലിദും ,സഹോരീ ഭര്‍ത്താവ് ഷമീറും പട്ടാപ്പകല്‍ ഒരു സംഘമാളുകള്‍ നടത്തിയ അക്രമത്തില്‍ കൊല്ലപ്പെട്ട സംഭവം നടുക്കുന്നതാണ്. ലഹരിമാഫിയയുമായി ബന്ധപ്പെട്ടയാളുകളാണ് അക്രമത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. തലശ്ശേരി സഹകരണ ആശുപത്രിക്ക് സമീപം കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് നിരവധിയാളുകള്‍ നോക്കി നില്‍ക്കെയാണ് ഓട്ടോയിലെത്തിയ സംഘം അക്രമം നടത്തിയത്. അക്രമികള്‍ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയും ചെയ്തു. അക്രമികളെല്ലാം ഭരണകക്ഷിയുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിമിനലുകളാണെന്ന വിവരം പുറത്തു വന്നിട്ടുണ്ട്. അക്രമികളുടെ രാഷ്ട്രീയ ബന്ധം അന്വേഷിക്കണം. തലശേരിയിലെ മാഫിയാസംഘങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത് ഭരണകക്ഷിയിലെ ഉന്നതരാണ്. രണ്ടു പേര്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ യഥാര്‍ത്ഥ കൊലയാളികളെ പിടികൂടണമെന്നും ഇവര്‍ക്ക് ഒത്താശ ചെയ്യുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: