ലോക പൈതൃക വാരാഘോഷം നടത്തി

പയ്യന്നൂര്‍: പാരമ്പര്യ പഴമയുടെ പെരുമയുണര്‍ത്തി പയ്യന്നൂര്‍ ബിഇഎംഎല്‍പി സ്‌കൂളില്‍ ലോക പൈതൃകവാരം ആഘോഷിച്ചു.ഫോക് ലാൻ്റിൻ്റെ സഹകരണത്തോടെയാണ് പിന്നിട്ടകാല സാംസ്‌കാരിക പൈതൃകങ്ങളെ ഓര്‍മ്മപ്പെടുത്തി പ്രദര്‍ശനം ഒരുക്കിയത്.

പഴയകാലത്തെ ജീവിത രീതി, തൊഴില്‍, വസ്ത്രധാരണം, ഗുരുകുല സമ്പ്രദായം എന്നിവയെല്ലാം പരിചയപ്പെടുത്തുന്ന പ്രദര്‍ശനം പഴയകാല ഉത്സവ പ്രതീതിയും പുതുനാമ്പുകളില്‍ കൗതുകവുമുണര്‍ത്തി.സ്‌കൂള്‍ അങ്കണത്തില്‍ നിര്‍മ്മിച്ച ഓലകൊണ്ടുള്ളതും സമാവറില്‍ വെള്ളം തിളപ്പിക്കുന്നുമായ ചായക്കട, പച്ചക്കറി ചന്ത, ചര്‍ക്ക, പാല്‍ക്കാരന്‍, പൂക്കാരി, മീന്‍കാരി, ബലൂണ്‍കാരന്‍, എംഎസ്പിക്കാര്‍, കര്‍ഷകര്‍ തുടങ്ങി പഴയകാലവുമായുള്ള പരിചയപ്പെടുത്തലായിരുന്നു പ്രദര്‍ശനത്തിലെ ദൃശ്യാവിഷ്‌കാരങ്ങള്‍.സ്‌കൂളിലെ കൊച്ചുവിദ്യാര്‍ഥികള്‍തന്നെയാണ് പഴമയുടെ വേഷവിധാനവുമായി അരങ്ങു തകര്‍ത്തത്.വിവിധ തരം ഓലക്കുടകളും കാര്‍ഷികോപകരണങ്ങളും പ്രദര്‍ശനത്തിലൊരുക്കിയിരുന്നു.കൂടാതെ അടുക്കളകളില്‍നിന്നും പുറന്തള്ളപ്പെട്ട അരകല്ല്,അമ്മിക്കല്ല്, ഉരല്‍ എന്നിവയെല്ലാം കുട്ടികള്‍ക്ക് കൗതുകവും വിജ്ഞാനവും പഴയകാല സംസ്‌കാര പൈതൃകത്തിലേക്കുള്ള വെളിച്ചവും പകര്‍ന്നു നല്‍കുന്നതായിരുന്നു.

ലോക പൈതൃക വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി. കുഞ്ഞപ്പന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി.വി.ദിലീപ് അധ്യക്ഷനായി. ഫോക് ലാൻ്റ് ചെയര്‍മാന്‍ ജയരാജന്‍, സ്‌കൂള്‍ പ്രഥമാധ്യാപിക ജാക്വിലിന്‍ ബിന്ന സ്റ്റാന്‍ലി, മദര്‍ പിടിഎ പ്രസിഡന്റ് രമ്യ, ലോക്കല്‍ മാനേജര്‍ ഫാ. റോബര്‍ട്ട് ജോണ്‍, ശില്‍പ എന്നിവര്‍ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: