പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം : ഡി എം ഒ

മഴയെത്തുടര്‍ന്ന് ജില്ലയില്‍ വിവിധയിടങ്ങളില്‍ വെള്ളം കയറുകയും കുടിവെള്ള സ്രോതസ്സുകള്‍ മലിനമാവുകയും ചെയ്ത സാഹചര്യത്തില്‍ എലിപ്പനി, വയറിളക്കം, വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ഇ, ടൈഫോയ്ഡ്, കോളറ, തുടങ്ങിയവക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

എലിപ്പനിക്കെതിരെ പ്രതിരോധ ഗുളിക

എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴിയാണ് എലിപ്പനി പകരുന്നത്. മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കള്‍ മുറിവുകള്‍ വഴി ശരീരത്തില്‍ എത്തിയാണ് രോഗമുണ്ടാകുന്നത്. വയലില്‍ പണിയെടുക്കുന്നവര്‍, ഓട, തോട്, കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവ വൃത്തിയാക്കുന്നവര്‍ തുടങ്ങിയവരില്‍ രോഗം കൂടുതല്‍ കാണുന്നു. ക്ഷീണത്തോടെയുള്ള പനി, തലവേദന, പേശീവേദന എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്തലക്ഷണങ്ങള്‍ തുടങ്ങിയവയും കണ്ടേക്കാം. മൃഗപരിപാലന ജോലികള്‍ ചെയ്യുന്നവര്‍ കൈയുറകളും കട്ടിയുള്ള റബര്‍ ബൂട്ടുകളും ഉപയോഗിക്കുകയും പട്ടി, പൂച്ച തുടങ്ങിയ ജീവികളുടെയും കന്നുകാലികളുടെയും മല മൂത്രാദികള്‍ വ്യക്തിസുരക്ഷയോടെ കൈകാര്യം ചെയ്യുകയും വേണം. ആഹാരസാധനങ്ങളും കുടിവെള്ളവും എലികളുടെ വിസര്‍ജ്ജ്യം കലര്‍ന്ന് മലിനമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ വിനോദത്തിനോ മറ്റാവശ്യങ്ങള്‍ക്കോ ഇറങ്ങുന്നത് ഒഴിവാക്കുക. ഭക്ഷണസാധനങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലികളെ ആകര്‍ഷിക്കാതിരിക്കുക.
മലിനജലവുമായി സമ്പര്‍ക്കമുള്ളവരും ഉണ്ടാകാന്‍ സാധ്യതയുള്ളവരും ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരും പ്രതിരോധ ഗുളിക കഴിക്കണം. ഒറ്റ ഡോസ് ഒരാഴ്ച മാത്രം സുരക്ഷ നല്‍കുന്നതിനാല്‍ മലിനജലവുമായി സമ്പര്‍ക്കം തുടരുന്നവര്‍ ആറ് ആഴ്ചകളിലും പ്രതിരോധ ഗുളികകള്‍ കഴിക്കണം. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഇവ സൗജന്യമായി ലഭിക്കും. സംശയനിവാരണത്തിന് തൊട്ടടുത്ത സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണമെന്നും ഡിഎംഒ അറിയിച്ചു.

വയറിളക്കം തടയാന്‍ മുന്‍കരുതല്‍ വേണം

ജലജന്യ രോഗങ്ങളായ വയറിളക്കം, വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ഇ, ടൈഫോയ്ഡ്, കോളറ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍ എടുക്കണം
* തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക.
പച്ചക്കറികളും പഴങ്ങളും വൃത്തിയായി കഴുകി ഉപയോഗിക്കുക. പഴുത്തളിഞ്ഞ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കരുത്.
* ആഹാരം പാചകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക.
* പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക. ആഹാരം പാചകം ചെയ്ത് ചൂടാറും മുമ്പ് കഴിക്കുക.
കുടിവെള്ളവും ആഹാരസാധനങ്ങളും എപ്പോഴും അടച്ചു സൂക്ഷിക്കുക.
* ശീതളപാനീയങ്ങള്‍, വെല്‍ക്കം ഡ്രിങ്ക് തുടങ്ങിയവ ശുദ്ധജലം ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് ഉറപ്പാക്കുക.
* കുട്ടികള്‍ മണ്ണില്‍ കളിച്ച ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
* കൈകാലുകളിലെ നഖങ്ങള്‍ വെട്ടി വൃത്തിയാക്കുക.
* തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം പാടില്ല. ശൗചാലയം ഉപയോഗിക്കുക. കൈകള്‍ സോപ്പും വെളളവുമുപയോഗിച്ച് വൃത്തിയായി കഴുകുകയും ചെയ്യുക.
* കിണറ്റിലെ ജലം മലിനപ്പെടാതെ സൂക്ഷിക്കുക. ഇടക്കിടെ കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക.
*വീടിന്റെ പരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കുക.
* മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്‌കരിക്കുക.
* ഈച്ചശല്യം ഒഴിവാക്കുക. പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
* തൊഴുത്ത്, പട്ടിക്കൂട് തുടങ്ങിയവ ശുചിയായി സൂക്ഷിക്കുക.
* വീടിനു വെളിയില്‍ നിന്നുള്ള ഭക്ഷണശീലം കഴിവതും ഒഴിവാക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: