തിരുവുനായ്ക്കൂട്ടം കുറുകേ ചാടി ബൈക്ക് യാത്രികർക്ക് പരിക്ക്

ഇരിട്ടി : തെരുവുനായ്ക്കൂട്ടം കുറുകേ ചാടിയതിനെത്തുടർന്ന് ബൈക്ക് അപകടത്തിൽ പെട്ട് ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. ഇരിട്ടി കീഴൂർ അമ്പലത്തിന് സമീപത്തെ കളരിക്കണ്ടി കെ.കെ. ബാബു, കെ. നാരായണൻ എന്നിവർക്കാണ് പരിക്കേറ്റത്. കൈകാലുകൾക്ക് പരിക്കേറ്റ ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് 1 മണിയോടെ ഇരിട്ടിയിൽ നിന്നും മീത്തലെ പുന്നാടേക്ക് പോവുകയായിരുന്നു ഇവർ സഞ്ചരിച്ച ബൈക്കിന് കുറുകേ പുന്നാട് ചെലപ്പൂർ അമ്പലത്തിനു സമീപം വെച്ച് തെരുവുനായ്ക്കൂട്ടം കുറുകേ ചാടുകയായിരുന്നു.
ഇരിട്ടി പട്ടണമടക്കം മേഖലയിലെ തെരുവുകളിലെല്ലാം തെരുവ് നായ ശല്യം രൂക്ഷമാണ്. കൂട്ടം കൂട്ടമായി നീങ്ങുന്ന നായ്ക്കൂട്ടങ്ങൾ മേഖലയിലെ ജനങ്ങളിൽ ഭീതിയുണർത്തുകയാണ്. രാത്രികാലങ്ങളിലും പുലർച്ചെയും നായ്ക്കളുടെ ശല്യം മൂലം റോഡിലിറങ്ങാൻ മടിക്കുകയാണ് ജനങ്ങൾ. ഇരിട്ടി ടൗണിൽ നിന്നടക്കം അടുത്ത കാലത്ത് നിരവധിപേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. എന്നാൽ കൂടിവരുന്ന തെരുവുനായ ശല്യത്തിനെതിരെ എന്തെങ്കിലും നടപടിയെടുക്കാൻ അധികൃതർ തയ്യാറാവാത്തത് ജനങ്ങൾക്കിടയിൽ അമർഷമുണ്ടാക്കുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: