കോഴി വളത്തിന്റെ മറവിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന ഈട്ടി തടികൾ പിടികൂടി

ഇരിട്ടി: കോഴിവളം എന്ന വ്യാജേന കർണ്ണാടകത്തിൽ നിന്നും മാക്കൂട്ടം ചുരം വഴി കേരളത്തിലേക്ക് കടത്തുകയായിരുന്ന ഈട്ടിത്തടികൾ പിടികൂടി. കർണാടകത്തിന്റെ മാക്കൂട്ടം വനം വകുപ്പ് ചെക്ക് പോസ്റ്റിലെ പരിശോധനക്കിടെ റേഞ്ചർ സുഹാനയുടെ നേതൃത്വത്തിലുള്ള സംഘമാണ് മരത്തടികൾ പിടികൂടിയത്. മരം കടത്താനുപയോഗിച്ച പിക്കപ്പ് വാൻ ഡ്രൈവർ മാനന്തവാടി സ്വദേശി ഷിബിൻ ( 21 ) നെ അറസ്റ്റ് ചെയ്‌ത് മടിക്കേരിക്കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മരം കടത്താനുപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.
ഏഴ് കഷ്ണം മരമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. പിടിയിലായ മരത്തിന് വിപണിയിൽ രണ്ടു ലക്ഷം രൂപയോളം വിലവരും.
കോഴിവളം എന്ന വ്യാജേന രാത്രി 11 മണിയോടെ എത്തിയ പിക്കപ്പ് വാൻ സംശയത്തിന്റെ പേരിൽ വനം വകുപ്പധികൃതർ പരിശോധിക്കുകയായിരുന്നു. വനപാലകർ കമ്പികൊണ്ട് കുത്തി നോക്കിയപ്പോൾ മരത്തടിയാണെന്നു മനസ്സിലായി. മുൻപും മാക്കൂട്ടം ചെക്ക് പോസ്റ്റിൽ കുടകിൽ നിന്നും കള്ളക്കടത്തായി കൊണ്ടിവരുന്ന മരത്തടികൾ പിടികൂടിയിരുന്നു. പച്ചക്കറി, ഇഞ്ചി ലോഡുകൾ എന്ന വ്യാജേനയായിരുന്നു ഇവ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുവാൻ ശ്രമിച്ചിരുന്നത്.
ഡെപ്യൂട്ടി റേഞ്ചർ മുഹമ്മദ് ഹനീഫ്, ഉദ്യോഗസ്ഥരായ സജി ജേക്കബ്, രമേശൻ, ഹമീദ് എന്നിവരും മരം കടത്ത് പിടികൂടിയ വനം വകുപ്പ് സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: